ന്യൂഡല്‍ഹി: തെറ്റായ സ്ത്രീധന പീഡനക്കേസുകള്‍ നിരവധി വിവാഹബന്ധങ്ങള്‍ താറുമാറാകുന്നതിന് കാരണമാകുന്നുവെന്ന് സുപ്രീം കോടതി. സെക്ഷന്‍ 498 എ വകുപ്പുപ്രകാരം വരുന്ന പരാതികള്‍ പലതും വ്യാജമാണെന്നും ഭര്‍ത്താവിന്റെ പിതാവിനെയോ മാതാവിനെയോ അവര്‍ തെറ്റൊന്നും ചെയ്യാഞ്ഞിട്ടും ജയിലിലെത്തിക്കുന്നതാണ് ഇത്തരം പരാതികളെന്നും കോടതി നിരീക്ഷിച്ചു.
ഇങ്ങനെ വരുമ്പോള്‍ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ ഭര്‍ത്താക്കന്‍മാര്‍ നിര്‍ബന്ധിരാകുകയാണെന്നും കോടതി വിലയിരുത്തി. വൃദ്ധരായ മാതാപിതാക്കള്‍ ജയിലില്‍ പോകേണ്ടി വരുന്നത് തെറ്റായ പരാതിയുടെ പേരിലാകുമ്പോള്‍ കുടുംബഭദ്രത തകരാന്‍ മറ്റൊന്നും വേണ്ട. 498എ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് നിരവധി കുടുബങ്ങള്‍ തകര്‍ത്തിട്ടുണ്ട് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് എ കെ സിക്രി എന്നിവടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കെതിരെ ഭാര്യ നല്‍കിയ ഹരജി തള്ളിയ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവേയാണ് പരമോന്നത കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. ഭാര്യയുടെ വാദം കോടതി തള്ളുകയും ചെയ്തു.