സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്കും റയലിനും പരാജയം

ബാഴ്‌സിലോണ: സ്പാനീഷ് ലീഗിലെ വമ്പന്‍മാരായ ബാഴ്‌സിലോണയ്ക്കും റയല്‍ മാഡ്രിഡിനും പരാജയം. തുടര്‍ച്ചയായ 22 മത്സരങ്ങളില്‍ തോല്‍വി അറിയാതെ അപരാജിത റിക്കാര്‍ഡുമായി മത്സരത്തിനിറങ്ങിയ റയലിനെ വലന്‍സിയയാണ് അട്ടിമറിച്ചത്. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനുശേഷം കളത്തിലെത്തിയ ബാഴ്‌സയ്ക്ക് ഇരുട്ടടി നല്‍കിയത് റയല്‍ സൊസിഡാഡാണ്.

റയല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീണപ്പോള്‍ സൊസിഡാഡിന്റെ ഒരു ഗോളിനാണ് ബാഴ്‌സയെ പരാജയപ്പെടുത്തിയത്.

ലയണല്‍ മെസി, നെയ്മര്‍, ഡാനി ആല്‍വസ് തുടങ്ങിയ പ്രമുഖരെ സൈഡ് ബെഞ്ചിലിരുത്തിയാണ് ബാഴ്‌സ ആരംഭിച്ചത്. എന്നാല്‍ ജോര്‍ഡി ആല്‍ബയുടെ തലയില്‍ നിന്ന് സ്വന്തംവലയിലേക്ക് കയറിയ സെല്‍ഫി ബാഴ്‌സയുടെ കഥകഴിച്ചു. മെസിയേയും നെയ്മറെയും ഇറക്കി തിരിച്ചുവരാന്‍ ബാഴ്‌സ ശ്രമം നടത്തിയെങ്കിലും സൊസിഡാഡ് തലകുനിച്ചില്ല.

റയല്‍ മാഡ്രിഡാവട്ടെ എതിരാളിയുടെ വലയില്‍ പന്തെത്തിച്ചാണ് കളി തുടങ്ങിയത്. 14-ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളില്‍ റയല്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ആദ്യമിനിറ്റുകളില്‍ തന്നെ വലന്‍സിയ സമനില പിടിച്ചു. അന്റോണിയ ബരാഗന്‍ ആണ് വലന്‍സിയക്ക് സമനില സമ്മാനിച്ചത്. 65 -ാം മിനിറ്റില്‍ നിക്കോളാസ് ഒറ്റാമെന്‍ഡി വലന്‍സിയയുടെ വിജയഗോളും നേടി.

Top