സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് നോക്കിയ വീണ്ടുമെത്തുന്നതായി റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡിന്റെ പുത്തന്‍ പതിപ്പായ ലോലിപോപ്പിലോടുന്ന സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ പുറത്തിറക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.
ടെക്‌വെബ് എന്ന ഓണ്‍ലൈന്‍ സൈറ്റാണ് നോക്കിയ സി1 ( Nokia C1 ) എന്ന പേരില്‍ ലോലിപോപ്പ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഫോണിന്റെ ചിത്രവും സൈറ്റ് പുറത്തുവിട്ടിട്ടിട്ടുണ്ട്. തങ്ങളുടെ പുതിയ ബ്രാന്‍ഡിന് നോക്കിയ നല്‍കിയിരിക്കുന്ന കോഡ് നെയിം ആണ് സി1 എന്നത്.
അഞ്ചിഞ്ച് ഡിസ്‌പ്ലേ ആകും സി1 ന് ഉണ്ടാവുക. നോക്കിയ സെഡ് ലോഞ്ചര്‍ ( Z Launcher ) അടിസ്ഥാനമാക്കിയുള്ള ലോലിപോപ്പിലാകും ഇതിന്റെ പ്രവര്‍ത്തനം.2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുമാണ് സി1 ന്റെ മെമ്മറി സ്‌പെസിഫിക്കേഷനുകളായി പറയപ്പെടുന്നത്. ഫോണിന് 8 മെഗാപിക്‌സല്‍ പ്രധാന ക്യാമറയാകും ഉണ്ടാവുക. മുന്‍ ക്യാമറ 5 മെഗാപിക്‌സല്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.പക്ഷേ, നോക്കിയ പ്രതികരിച്ചിട്ടില്ല. നവംബറില്‍ എന്‍1 എന്ന പേരില്‍ നോക്കിയ ടാബ്‌ലെറ്റ് പുറത്തിറക്കിയിരുന്നു.
ഒരുകാലത്ത് മൊബൈല്‍ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ നഷ്ടത്തിലായതിനെ തുടര്‍ന്ന് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ -ഫീച്ചര്‍ഫോണ്‍ വിഭാഗത്തെ മൈക്രോസോഫ്റ്റ് വാങ്ങിയിരുന്നു.
കരാര്‍ പ്രകാരം നോക്കിയക്ക് 2016 അവസാന പാദം വരെ സ്വന്തം ബ്രാന്‍ഡ് നെയിമില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാനാവില്ല എങ്കിലും സ്വന്തമായി ഫോണുകള്‍ നിര്‍മിക്കുന്നതിനും പേറ്റന്റ് സ്വന്തമാക്കുന്നതിനും നോക്കിയക്ക് തടസ്സമില്ല. ഇപ്പോള്‍ വികസിപ്പിക്കുന്ന ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി രണ്ടു വര്‍ഷം കാത്തിരിക്കുമോ അല്ലെങ്കില്‍ മറ്റു വഴികള്‍ തേടുമോ എന്നതാണ് വിപണി ഉറ്റുനോക്കുന്നത്.
അടുത്തിടെ നോക്കിയയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ആയിരുന്ന നോക്കിയ ലൂമിയയില്‍ നിന്ന് മൈക്രോസോഫ്റ്റ്, ‘നോക്കിയ’ നാമം ഒഴിവാക്കിയിരിന്നു.