ലിവര്‍പൂള്‍: ലിവര്‍പൂള്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ഈ സീസണ്‍ അവസാനത്തോടെ ടീം വിടുന്നു. ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമെന്നാണ് ജെറാര്‍ഡ് ഇതിനെ വിശേഷിപ്പിച്ചത്.
കരാര്‍ അവസാനിക്കുന്നതോടെ വിദേശ ലീഗില്‍ കളിക്കാനാണ് തീരുമാനം. മുപ്പത്തിനാലുകാരനായ ജെറാര്‍ഡ് ഇരുപത്തഞ്ച് വര്‍ഷമായി ലിവര്‍പൂളിന്റെ ഭാഗമാണ്. 12 വര്‍ഷമായി ടീമിനെ നയിക്കുന്നു.
യു.എസ് മേജര്‍ സോക്കര്‍ ലീഗിലെ ലോസ് ഏഞ്ജലസ് ഗ്യാലക്‌സിയുമായി ജെറാര്‍ഡിന്റെ ഏജന്റുമാര്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗള്‍ഫ് മേഖലയിലുള്ള ചില ക്ലബ്ബുകള്‍ക്കും അദ്ദേഹത്തില്‍ താത്പര്യമുണ്ട്.
ജെറാര്‍ഡ് വിദേശത്തേക്കു ചേക്കേറുന്നത് ലിവര്‍പൂളിനും ഇംഗ്ലിഷ് ഫുട്‌ബോളിനാകെയും ദുഃഖകരമായിരിക്കുമെന്ന് മുന്‍ സഹതാരം ജാമി കാരഗര്‍. ഒരു വര്‍ഷത്തേക്കു കൂടിയെങ്കിലും ജെറാര്‍ഡ് ടീമില്‍ തുടരണമെന്നാണ് ലിവര്‍പൂള്‍ ആരാധകരുടെ ആഗ്രഹം. എന്നാല്‍, കഴിഞ്ഞ നവംബറില്‍ കരാര്‍ നീട്ടാന്‍ ക്ലബ് നല്‍കിയ ഓഫര്‍ ജെറാര്‍ഡ് നിരസിച്ചിരുന്നു.