നോട്ടിംഗ്ഹാം: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ സ്റ്റീവന്‍ സ്മിത്ത് പുറത്തായ രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന്‍ റിക്കി പോണ്ടിംഗും സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും രംഗത്ത്.
റോജേഴ്‌സ് പുറത്തായശേഷം ക്രീസിലെത്തിയ സ്മിത്ത് ബ്രോഡിന്റെ ഓഫ് സ്റ്റമ്പിന് പുറത്തുകൂടെ പോയ പന്തില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച് പുറത്തായതാണ് പോണ്ടിംഗിനെയും വോണിനെയും ചൊടിപ്പിച്ചത്. .
ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ ഒരാള്‍ ഇത്തരത്തിലുള്ള ഒരു ഷോട്ട് കളിച്ച് പുറത്താവുമെന്ന് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ഈ സമയം കമന്ററി ബോക്‌സിലുണ്ടായിരുന്ന വോണിന്റെ പ്രതികരണം. ഏകദിന ക്രിക്കറ്റിന്റെ ആധിക്യമാണ് സ്മിത്തിനെക്കൊണ്ട് ഇത്തരമൊരു ഷോട്ട് കളിപ്പിച്ചതെന്നും വോണ്‍ പറഞ്ഞു.
ഇംഗ്ലണ്ട് ഒരുക്കിയ കെണിയിലേക്ക് സ്മിത്ത് നടന്നുകയറുകയായിരുന്നുവെന്ന് പോണ്ടിംഗും പറഞ്ഞു. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് സ്മിത്തുണ്ട്. ലോര്‍ഡ്‌സിലെ ഇരട്ട സെഞ്ചുറി അടക്കം എട്ട് ഇന്നിംഗ്‌സുകളില്‍ നിന്ന് 365 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം.
331 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഓപ്പണര്‍മാരായ റോജേഴ്‌സും വാര്‍ണറും സെഞ്ചുറി തുടക്കം നല്‍കിയിരുന്നു.