സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: ബുധനാഴ്ച തുടങ്ങാനിരുന്ന ബസ് തൊഴിലാളി സംഘടനകളുടെ സമരം മാറ്റിവച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി തൊഴിലാളി സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു സമരം മാറ്റാന്‍ തീരുമാനമായത്. ലേബര്‍ കമ്മീഷണറും ചര്‍ച്ചയില്‍ പങ്കെടുത്തു.

വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണു തൊഴിലാളി സംഘടനകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. നിലവിലുള്ള പ്രതിമാസ വേതനത്തില്‍ നിന്ന് 5,000 രൂപയുടെ വര്‍ധനയായിരുന്നു ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം നടത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബസ് ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം വേതനം വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും അത് പാലിച്ചിട്ടില്ലെന്നും യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്ധനവില കുത്തനെ കുറഞ്ഞതോടെ സ്വകാര്യ കെഎസ്ആര്‍ടിസി ബസുകളുടെ വരുമാനം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേതനം വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസ് ജീവനക്കാര്‍.

Top