സ്വയം വിരമിച്ച സൈനികര്‍ക്കും ‘ഒരു റാങ്ക് ഒരു പെന്‍ഷന്‍’ ആനൂകൂല്യം നല്‍കും: നരേന്ദ്ര മോദി

ഫരീദാബാദ്: സ്വയം വിരമിച്ച സൈനികര്‍ക്കും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പദ്ധതി ആരുടെയും സൗജന്യമല്ല. സൈനികരുടെ അവകാശമാണ്. വിമുക്ത ഭടന്മാരുടെ 42 വര്‍ഷമായുള്ള ആവശ്യമാണ് നടപ്പാക്കിയത്. കോണ്‍ഗ്രസ് തെറ്റായ പ്രചരണം നടത്തുകയാണെന്നും സര്‍ക്കാര്‍ വാക്കു പാലിച്ചെന്നും മോദി പറഞ്ഞു. ഫരീദാബാദിലെ റാലിക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുന്ന സൈനികരോടുള്ള ബഹുമാനത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല. ഞങ്ങള്‍ ഒരു വാഗ്ദാനം നല്‍കിയിരുന്നു. അത് നിറവേറ്റുന്നു. മുന്‍ ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഒരു റാങ്ക് ഒരു പെന്‍ഷന്‍ എന്നത് അഞ്ഞൂറ് കോടിയുടെ കാര്യമായിരുന്നു. എന്നാല്‍ നമ്മളുടെ ഗവണ്‍മെന്റ് പ്രശ്‌നത്തിന്റെ കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിയപ്പോള്‍ അത് അഞ്ഞൂറ് കോടിയല്ലെന്ന് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്കായി എണ്ണായിരം മുതല്‍ പതിനായിരം കോടി രൂപ വരെയാണ് ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി സമരം ചെയ്യുന്ന വിമുക്ത ഭടന്മാര്‍ പറഞ്ഞു. അതേസമയം, ജന്തര്‍മന്തറിലെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു. വാക്കാലുള്ള ഉറപ്പ് പോരാ. പ്രതിരോധ മന്ത്രി രേഖാമൂലം ഉറപ്പ് നല്‍കണം. തുടര്‍ പരിപാടികള്‍ ശനിയാഴ്ച നടക്കുന്ന റാലിയില്‍ തീരുമാനിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Top