വി.എസ് അച്യുതാനന്ദനെതിരായി ‘വിവാദ പരാമര്‍ശം’ നടത്തിയിട്ടില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.സ്വരാജ് പരസ്യമായി ഫേസ്ബുക്ക് വഴി നിലപാട് വ്യക്തമാക്കിയത് സ്വാഗതാര്‍ഹമാണ്.
സിപിഎം സ്ഥാപക നേതാവും 93കാരനുമായ വിഎസിനെ ‘വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കണമെന്ന’ തരത്തില്‍ വാര്‍ത്ത വന്നത് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണമായതാണ് നിലപാട് വ്യക്തമാക്കാന്‍ സ്വരാജിനെ പ്രേരിപ്പിച്ചത്.
വി.എസിന്റെ നടപടികള്‍ക്കെതിരെ സ്വരാജ് എന്താണ് സിപിഎമ്മിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിച്ചത് എന്നത് ആ സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് മാത്രം അറിവുള്ള കാര്യമാണ്.
പ്രസംഗത്തിന്റെ ശബ്ദരേഖയോ മറ്റ് ആധികാരിക തെളിവുകളോ സ്വരാജിനെ ‘കുരിശിലേറ്റുന്നവര്‍ക്ക്’ ഇതുവരെ പുറത്തുവിടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്വരാജിന്റെ വാക്കുകള്‍ വിശ്വസിച്ചേ തീരൂ. മാത്രമല്ല, ഇതുസംബന്ധമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയില്‍ ‘വി.എസ് അച്യുതാനന്ദന്റെ ത്യാഗം കാണാതിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ സ്വരാജ് വി.എസിനോട് തനിക്ക് എന്നും ആദരവാണെന്നും ത്യാഗനിര്‍ഭരവും ധീരതാപൂര്‍ണവുമായ ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയാണ് അദ്ദേഹമെന്നും’ തുറന്നു പറഞ്ഞത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്.
സിപിഎം നേതൃത്വവുമായി തുടര്‍ച്ചയായി ഏറ്റുമുട്ടുന്ന വി.എസിനെ ഇപ്പോഴും സ്വരാജ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത് അദ്ദേഹത്തിന് ജനമനസുകളില്‍ ഉള്ള സ്വീകാര്യത മാത്രമല്ല പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നല്‍കിയ സംഭാവന കൂടി കണക്കിലെടുത്താണ് എന്നത് ഈ നിലപാടില്‍ അടിവരയിടുന്നുണ്ട്.
ലെനിനിസ്റ്റ് സംഘടനാ രീതി പിന്തുടരുന്ന സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളിലെ ചര്‍ച്ചകളാണ് ആ പാര്‍ട്ടിയുടെ നയരൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്.
സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ ഗ്രൂപ്പ് ഡെലിഗേഷന്‍ ചുമതലപ്പെടുത്തുന്ന കാര്യങ്ങള്‍ക്ക് അപ്പുറം ഒരുകാര്യവും സിപിഎം സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സ്വരാജിന് മാത്രമല്ല ഒരു പ്രതിനിധിക്കും പറയാന്‍ കഴിയില്ല.
വിഷയം അവതരിപ്പിക്കുമ്പോള്‍ എല്ലാവരും ഒരേ ശൈലി പിന്തുടരണമെന്ന കീഴ്‌വഴക്കവും നിര്‍ദ്ദേശവും സിപിഎമ്മിനില്ല. വിമര്‍ശനത്തിന്റെയും നിര്‍ദ്ദേശങ്ങളുടെയും ശൈലിയും വികാരവും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ വിവേചനാധികാരമാണ്. ഇതാണ് സിപിഎമ്മിന്റെ സംഘടനാ രീതി എന്നിരിക്കേ വി.എസിനെ ‘വെട്ടി പട്ടിക്ക് ഇട്ട് കൊടുക്കാന്‍’ സ്വരാജ് പ്രസംഗിച്ചു എന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ല.
അങ്ങനെ സ്വരാജ് പറഞ്ഞുവെന്ന് ഒരു വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ തന്നെ അതിന്റെ ഉത്തരവാദി എങ്ങനെയാണ് സ്വരാജ് ആകുക? അദ്ദേഹത്തെ ചര്‍ച്ചയ്ക്ക് നിയോഗിച്ച ഗ്രൂപ്പ് ഡെലിഗേഷനല്ലേ ഉത്തരവാദിത്വം?
ഇപ്പോള്‍ സ്വരാജിന്റെ വിശദീകരണത്തിന് ശേഷവും അദ്ദേഹത്തിന്റെ ‘രക്തത്തിന് ‘ വേണ്ടി മുറവിളി കൂട്ടുന്നവര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് കൂടി പൊതുസമൂഹത്തോട് മറുപടി പറയണം.
അധികാര രാഷ്ട്രീയത്തെ ആര്‍ത്തിയോടെ കാണുന്ന പുതിയ കാലഘട്ടത്തില്‍, എതിരാളിയെ വെട്ടിനിരത്താന്‍ നിറം പിടിപ്പിച്ച നുണക്കഥകളും വീണു കിട്ടുന്ന ‘ആയുധങ്ങളും’ ഉപയോഗപ്പെടുത്താന്‍ എന്നും രാഷ്ട്രീയക്കാരില്‍ ഒരു വിഭാഗം ശ്രമിച്ചിട്ടുണ്ട്.
സ്വരാജിനെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ അദ്ദേഹത്തിന്റെ സ്വന്തം നാടായ നിലമ്പൂരിലെ ചുങ്കത്തറയില്‍ പോസ്റ്റര്‍ പ്രചാരണം നടത്തിയതിന്റെ പിന്നിലെ ‘രാഷ്ട്രീയവും’ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വരാജ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് തന്നെയാണ് ഇപ്പോള്‍ വി.എസ് വിവാദത്തില്‍ അദ്ദേഹത്തെ ‘ടാര്‍ഗറ്റ് ‘ ചെയ്ത് ആക്രമിക്കാനുള്ളതിന്റെ ഒരു പ്രധാനകാരണം.
ഈ നീക്കങ്ങള്‍ വി.എസ് സഹതാപത്തിന്റെ പുറത്തല്ല. മറിച്ച് നിലമ്പൂരിലെ സിപിഎമ്മിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ്. ഇവിടെ നഗരസഭയിലെ ഒരുവിഭാഗം സിപിഎം അംഗങ്ങള്‍ അടക്കമുള്ളവരുടെ പുറത്തുപോക്കില്‍ കലാശിച്ച വിഭാഗീയത നിലമ്പൂരിലും ചുങ്കത്തറയിലും പ്രത്യക്ഷപ്പെട്ട സ്വരാജ് വിരുദ്ധ പോസ്റ്ററുകള്‍ക്ക് പിന്നില്‍ ഉണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്.
ഫേസ്ബുക്ക് പ്രചാരണങ്ങള്‍ വഴിതിരിച്ച് വിടാനും തന്ത്രപരമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇത് സിപിഎം സംസ്ഥാന സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ യുവനേതാവിന്റെ പാര്‍ലമെന്ററി രാഷ്ട്രീയ പ്രവേശനം തല്ലിക്കെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. അതിന് ഇക്കൂട്ടര്‍ ‘ഉപയോഗപ്പെടുത്തുന്നത്’ സിപിഎം സ്ഥാപക നേതാവിനെയാണ് എന്നതാണ് ദൗര്‍ഭാഗ്യകരം.
Team express kerala