ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പാശ്ചാത്തലത്തില്‍ സുരക്ഷാ സേന രാജ്യമെങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അമേരിക്കയും ബ്രിട്ടനും ചൈനയും റഷ്യയും ഇസ്രയേലും അടക്കമുള്ള ലോക രാഷ്ട്രങ്ങളും ആശങ്കയോടെയാണ് ഇന്ത്യക്കെതിരായ ഭീഷണിയെ നോക്കിക്കാണുന്നത്.
പാക് അനുകൂല ഭീകരരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ഇന്ത്യ ആക്രമിക്കുമെന്നും അത് പിന്നീട് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുമെന്നുമുള്ള ഭീതിയിലാണ് ലോകരാഷ്ട്രങ്ങള്‍.
അമേരിക്കന്‍ ചാര സംഘടനയായ സിഐഎയും ഇസ്രയേല്‍ ചാര സംഘടനയായ മൊസാദും ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ക്ക് പുറമെ സൂക്ഷമമായി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്വാതന്ത്ര്യദിനാഘോഷത്തിന് ന്യൂഡല്‍ഹിയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 40,000 പേരടങ്ങുന്ന സുരക്ഷാസേനയെയാണ് നഗരത്തില്‍ വിന്യസിക്കുക.
ഇതില്‍ 12,000 പേര്‍ ഡല്‍ഹി പൊലീസില്‍നിന്നും അര്‍ധസൈനിക വിഭാഗത്തില്‍നിന്നുമായിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്യുന്ന ചുവപ്പുകോട്ടയിലും പരിസരത്തും ഇവര്‍ കാവല്‍നില്‍ക്കും.
രാജ്ഘട്ടിലും കനത്ത സുരക്ഷയൊരുക്കും. ചുവപ്പുകോട്ടയുടെ മുകളില്‍ വിവിധയിടങ്ങളില്‍ ദേശീയ സുരക്ഷാ ഗാര്‍ഡിലെ ‘ഷാര്‍പ് ഷൂട്ടര്‍’മാരെ വിന്യസിക്കും.
ഗതാഗതനിയന്ത്രണത്തിനും പ്രത്യേക സംവിധാനമൊരുക്കും. ചുവപ്പുകോട്ടയിലും പരിസരത്തും 500 സി.സി.ടി.വി കാമറകളാണ് സ്ഥാപിക്കുക.
പാക്കിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ച തീവ്രവാദികള്‍ സ്‌ഫോടകവസ്തുക്കളുമായി ഇന്ത്യയിലെത്തിയെന്ന ഐ.ബിയുടെയും റോയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബിലെ ഗുരുദാസ് പൂരില്‍ സൈനിക വേഷത്തിലെത്തി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എസ്.പി അടക്കം ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറിയ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ഐ.ബി കണ്ടെത്തിയിരുന്നു. നുഴഞ്ഞു കയറിയ മറ്റൊരു സംഘം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ ആതീവ ജാഗ്രത പാലിക്കുന്നത്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക നിര്‍ദ്ദേശം തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഭരണ കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ മാളുകള്‍, തുടങ്ങിയവയ്ക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.