വര്‍ഗീയതയോടും വിഘടനവാദത്തോടും യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ന് സാധാരണപുലരിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനിത് പ്രതീക്ഷയുടെ പുലരിയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുളള ഒരുശ്രമവും അനുവദിക്കില്ലെന്നും വ്യക്തമാക്കി. വര്‍ഗീയതയോടും വിഘടനവാദത്തോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പദ്ധതികളെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും വിവരിച്ചു.

ഇതുവരെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കാനായി. ഇതിലൂടെ 30,000 കോടി രൂപ ബാങ്കുകളിലെത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമ്പദ്ഘടനയിലേക്ക് സാധാരണക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മോഡി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

രാജ്യത്തിന്റെ 69ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സ്വതന്ത്ര ദിന ആഘോഷത്തോട് അനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് ആറായിരത്തിലധികം സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളെ ആണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തെ അഭിസംബോധന ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മവിമര്‍ശനം നടത്താന്‍ തയ്യറാകണമെന്നും മതേതര മൂല്യങ്ങള്‍ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു. രാഷ്ട്രപുരോഗതിക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. പരിസ്ഥിതി സംരക്ഷണത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.

Top