കൊച്ചി : ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര മുൻസിപ്പൽ വൈസ് ചെയർമാൻ എ എ ഇബ്രാംഹിം കുട്ടിയെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ചോദ്യം ചെയ്തു. നോട്ടീസ് നൽകി വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിൽ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മകന് കള്ളക്കടത്തിൽ പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലും പരിശോധനയും നടന്നത്. മകൻ ഷാബിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി പ്രതികരിച്ചു. മകന് സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ ഇല്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയതിന് പിന്നിൽ മൂന്നംഗ സംഘമാണെന്നാണ് നിഗമനം. സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ്, തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് ഇതിന് നേൃതൃത്വം നൽകിയിരുന്നത്. മൂവരും ചേർന്നാണ് സ്വർണക്കളളക്കടത്തിന് പണം മുടക്കിയതെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ത്യക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും വിദേശത്ത് സ്വർണം വാങ്ങാനായി ഉയോഗിച്ചു. പ്രതികൾ മുമ്പും വലിയ യന്ത്രങ്ങളുടെ മറവിൽ സ്വർണം കടത്തിയതായി സംശയിക്കുന്നതായും ബംഗലൂർ, മുംബൈ വിമാനത്താവളങ്ങളിലേക്കും അമ്പേഷണം വ്യാപിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.