സ്‌പൈസ് ജെറ്റില്‍ നിന്ന് ആറുമാസത്തിനിടെ രാജി വെച്ചത് 40 പൈലറ്റുമാര്‍

മുംബൈ: ബജറ്റ് എയര്‍ലൈന്‍സായ സ്‌പൈസ് ജെറ്റ് നഷ്ടത്തില്‍. കമ്പനിയില്‍ നിന്നും ആറു മാസത്തിനിടയില്‍ രാജി വെച്ചത് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 40 പൈലറ്റുമാര്‍. വരുമാനത്തില്‍ 15 ശതമാനം വര്‍ധനയുണ്ടായിട്ടും കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ മാത്രം കമ്പനിക്ക് 310 കോടിയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാത്രം ആയിരം കോടിയിലധികം രൂപയായിരുന്നു സ്‌പൈസ് ജെറ്റിന്റെ നഷ്ടം.

പൈലറ്റുമാരുടെ രാജി നേരത്തെ തന്നെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. വിമാനം താമസിക്കുന്നതിനും റദ്ദാക്കുന്നതും പതിവായി. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്തു വിമാനങ്ങളാണ് സര്‍വീസ് അവസാനിപ്പിച്ചത്.

കമ്പനിയുടെ ഭാവി ആശങ്കയിലാണെന്നാണ് ഓഡിറ്റര്‍മാര്‍ നല്‍കുന്ന സൂചന. ജനുവരി മുതല്‍ മുന്‍കൂര്‍ പ്രവര്‍ത്തനമൂലധനത്തിലാണ് കമ്പനി പിടിച്ചുനില്‍ക്കുന്നത്. സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരം സ്‌പൈസ് ജെറ്റിന്റെ ബാധ്യ ആകെ ആസ്തിയെക്കാള്‍ 1460 കോടിയോളം രൂപ കൂടുതലാണ്.

എന്നാല്‍ വിപണിയില്‍ സാന്നിധ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങിയതായും സമീപഭാവിയില്‍ തന്നെ നഷ്ടക്കണക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു. കലാനിധി മാരന്റെ ഉടമസ്ഥതയിലാണ് സ്‌പൈസ് ജെറ്റ്.

Top