വിയന്ന: ഹംഗറിയിലുള്ള അഭയാര്‍ഥികള്‍ക്കു സ്ഥലം നല്‍കാന്‍ ഓസ്ട്രിയയും ജര്‍മനിയും സന്നദ്ധമാണെന്നു ഓസ്ട്രിയന്‍ ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍. ഇക്കാര്യം ഫേസ്ബുക്കിലൂടെയാണു ചാന്‍സലര്‍ അറിയിച്ചത്.
നിശ്ചിത എണ്ണം അഭയാര്‍ഥികളെ ഏറ്റെടുക്കാനുള്ള സന്നദ്ധത ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദും ഇന്നലെ അറിയിച്ചിരുന്നു.
അഭയാര്‍ഥി പ്രവാഹം വര്‍ധിച്ചതോടെ ഹംഗേറിയന്‍ അതിര്‍ത്തിയില്‍ അടിയന്തര സാഹചര്യം നേരിടുകയാണ്. ഇതിനാല്‍ അഭയാര്‍ഥികളെ രാജ്യത്തില്‍ പ്രവേശിപ്പിക്കാന്‍ ഓസ്ട്രിയയും ജര്‍മനിയും തയാറായതായും അദ്ദേഹം വ്യക്തമാക്കി.
നൂറ് കണക്കിന് പേര്‍ ജര്‍മനിയിലേക്കെന്ന വ്യാജേന ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും കൊണ്ടുപോയ തീവണ്ടിയില്‍ നിന്നുമിറങ്ങാതെ പ്രതിഷേധിക്കുകയാണ്. തീവണ്ടിയെ പൊലീസ് വളഞ്ഞിട്ടുണ്ട്. ഇതിനിടെ മുന്നൂറോളം അഭയാര്‍ത്ഥികള്‍ ക്യാന്പുകളില്‍ നിന്ന് രക്ഷപ്പെട്ടന്ന് ആരോപിച്ച് ഹംഗറി സെര്‍ബിയയിലേക്കുള്ള അതിര്‍ത്തി അടച്ചു.
അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ തീരുമാനം ഉടന്‍ എടുക്കണമെന്ന് ഫ്രാന്‍സും സ്‌പെയിനും അറിയിച്ചു. ഐലന്റെ ചിത്രം പുറത്ത് വന്നതിന് ശേഷം അഭയാര്‍ത്ഥികളോട് അനുഭാവപൂര്‍ണമായ സമീപനം വേണമെന്ന നിലപാട് യൂറോപ്പില്‍ ശക്തമാവുകയാണ്.
ഐലിനൊപ്പം മരിച്ച അഞ്ച് വയസ്സുകാരന്‍ സഹോദരന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ സ്വദേശമായ സിറിയയിലെ കൊബാനിലെത്തിച്ച് പിതാവ് അബ്ദുള്ള ഖബറടക്കി. മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് അബ്ദുള്ള മാത്രമാണ് രക്ഷപ്പെട്ടത്.