ഹരിയാനയിലെ ആള്‍ദൈവം രാംപാല്‍ അറസ്റ്റില്‍

ബര്‍വാല: ഒളിവില്‍ കഴിഞ്ഞ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ബാബാ രാംപാലിനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഹരിയാനാ പോലീസ് ഇന്നലെ ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ആശ്രമത്തില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോലീസ് സംഘം ഇന്നലെ രാത്രി നടത്തിയ അതിവേഗ ഓപറേഷനിലാണ് രാംപാല്‍ പിടിയിലായത്. അനുയായികളുടെ ചെറുത്ത്‌നില്‍പ്പ് മറികടന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

രാംപാലിനെ ഇന്ന് ഹിസാര്‍ കോടതിയില്‍ ഹാജരാക്കും. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസും ആശ്രമത്തില്‍ തമ്പടിച്ച അനുയായികളും തമ്മില്‍ ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ ആശ്രമം അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി. അതിനിടെ ക്രമസമാധാന പാലനത്തിനായി അഞ്ഞൂറ് അര്‍ധ സൈനികാംഗങ്ങളെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സത്‌ലോക് ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാംപാലിന്റെ സഹോദരന്‍ പുരുഷോത്തം ദാസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വധഗൂഢാലോചനയുള്‍പ്പെടെയുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുന്ന രാംപാലിന്റെ അറസ്റ്റ് നടപ്പിലാക്കാനെത്തിയ പോലീസിന് നേരെ ചൊവ്വാഴ്ച അനുയായികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. തുടര്‍ന്ന് പോലീസും അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനടെയാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. അഞ്ച് സ്ത്രീകളും ഒന്നര വയസ്സുള്ള കുട്ടിയുമാണ് മരണപ്പെട്ടത്. ലാത്തിച്ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ട നാല് സ്തീകളുടെ ശരീരത്തില്‍ പരിുക്കുകളൊന്നുമില്ലെന്നും മരണ കാരണം അന്വേഷിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Top