ഹരിയാനയില്‍ വിദ്യാലയ പ്രവേശത്തിന് സാമ്പത്തിക സംവരണം നടപ്പാക്കുന്നു

ന്യൂഡല്‍ഹി: ഹരിയാനയില്‍ വിദ്യാലയ പ്രവേശത്തിന് സാമ്പത്തിക സംവരണം കര്‍ശനമായി നടപ്പാക്കുന്നു. സ്വകാര്യ സ്‌കൂളുകളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സീറ്റ് സംവരണം നിര്‍ബന്ധമാക്കാന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച പഞ്ച്കുളയില്‍ ചേര്‍ന്ന ഉന്നതതല വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചു.

നിലവിലെ സംവരണ രീതി പൊളിച്ചെഴുതണമെന്ന് ആര്‍.എസ്.എസ് മേധാവി ആഹ്വാനം ചെയ്ത് ആഴ്ച തികയും മുമ്പേയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത് പ്രയോഗത്തില്‍ വരുത്തുന്നത്.

സംവരണം വഴി പ്രവേശം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് ഒരുവിധ ഫീസും ഈടാക്കരുത്. ഇവരുടെ വിദ്യാഭ്യാസത്തിന് വരുന്ന ആനുപാതിക ചെലവ് സര്‍ക്കാര്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലെ 25 ശതമാനം സീറ്റുകള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നീക്കിവെക്കും.

നിലവില്‍ 10 ശതമാനം സീറ്റുകള്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് നല്‍കാന്‍ ഹരിയാന സ്‌കൂള്‍ മാനേജ്‌മെന്റ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും വര്‍ധിത ആവശ്യം പരിഗണിച്ചാണ് വര്‍ധനയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍, സാമൂഹിക പിന്നാക്ക വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ഥികളുടെ സംവരണ തോതില്‍ മാറ്റമുണ്ടാകുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

വിവാദ പരാമര്‍ശങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളുടെ രചയിതാവായ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ദിനാനാഥ് ബത്രയുടെ ഉപദേശങ്ങളും യോഗം തര്‍ക്കരഹിതമായി സ്വീകരിച്ചിട്ടുണ്ട്. ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ തോല്‍പിക്കരുതെന്ന തീരുമാനം പിന്‍വലിക്കണമെന്നാണ് ബത്ര നല്‍കിയ നിര്‍ദേശം.

Top