ഹാഷിം ആംലയുടെ കരുത്തില്‍ ഐറിഷ് പടയെ തുരുത്തി ദക്ഷിണാഫ്രിക്ക

കാന്‍ബറ: ലോകകപ്പിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 202 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. കഴിഞ്ഞ കളിയില്‍ വിന്‍ഡീസിനെതിരെ 408 റണ്‍സ് നേടി റെക്കോര്‍ഡിട്ട, ദക്ഷിണാഫ്രിക്ക ഇന്ന് അയര്‍ലന്‍ഡിനെതിരെ 50 ഓവറില്‍ നാലിന് 411 റണ്‍സെടുത്ത് പുതിയ നേട്ടം കൈവരിച്ചു.

ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന അയര്‍ലന്‍ഡിന്റെ പോരാട്ടം 45 ഓവറില്‍ 210 റണ്‍സിന് അവസാനിക്കുകയായിരുന്നു. 58 റണ്‍സെടുത്ത ആന്‍ഡി ബാല്‍ബിര്‍ണിയും 48 റണ്‍സെടുത്ത കെവിന്‍ ഒബ്രിയനും മാത്രമാണ് ഐറിഷ് നിരയില്‍ തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കെയ്ല്‍ ആബോട്ട് നാലും മോണെ മോര്‍ക്കല്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. തകര്‍പ്പന്‍ സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയ ആംലയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടി ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത് ഹാഷിം ആംലയുടെയും(159) ഫാഫ് ഡുപ്ലെസിസിന്റെയും(109) സെഞ്ചുറികളാണ്. ഇരുപതാം ഏകദിന സെഞ്ചുറി നേടിയ ആംല 128 പന്തില്‍ 16 ബൗണ്ടറികളും നാലു സിക്‌സറും ഉള്‍പ്പടെയാണ് 159 റണ്‍സെടുത്തത്. 109 പന്ത് നേരിട്ട ഡുപ്ലെസിസ് 10 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു. ആംലയും ഡുപ്ലെസിസും അടുത്തടുത്ത് പുറത്തായെങ്കിലും ഡിവില്ലിയേഴ്‌സ്(ഒമ്പത് പന്തില്‍ 24), റിലെ റൂസോ(30 പന്തില്‍ 61), ഡേവിഡ് മില്ലര്‍(23 പന്തില്‍ 46)എന്നിവര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 400 കടത്തിയത്. രണ്ടു വിക്കറ്റെടുത്ത ആന്‍ഡി മക്‌ബ്രൈനാണ് ഐറിഷ് നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബൗളിംഗ് പുറത്തെടുത്തത്.

മറുപടി ബാറ്റിംഗില്‍ തുടക്കം മുതലേ അയര്‍ലന്‍ഡിന് വിക്കറ്റുകള്‍ നഷ്ടമായി. സ്‌കോര്‍ 21ല്‍ ആയപ്പോഴേക്കും മൂന്നു ഐറിഷ് ബാറ്റ്‌സ്മാന്‍മാര്‍ പുറത്തായി. പിന്നീട് 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആന്‍ഡി ബാല്‍ബിര്‍ണിയും(58) കെവിന്‍ ഒബ്രിയനും(48) ചേര്‍ന്ന് തോല്‍വിയുടെ ആക്കം കുറയ്ക്കാന്‍ വേണ്ടി പോരാടി. ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ 129 ല്‍ നില്‍ക്കെ ബാല്‍ബിര്‍ണി പുറത്തായതോടെ ഐറിഷ് പ്രതിരോധം ദുഷ്‌ക്കരമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക കളി സ്വന്തമാക്കുകയായിരുന്നു.

ഈ ജയത്തോടെ നാല് മല്‍സരങ്ങളില്‍ ആറ് പോയിന്റുള്ള ദക്ഷിണാഫ്രിക്ക ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ നാല് പോയിന്റുമായി അയര്‍ലന്‍ഡ് നാലാം സ്ഥാനത്താണ്. മാര്‍ച്ച് ഏഴിന് പാകിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മല്‍സരം. അതേദിവസം സിംബാബ്‌വെയുമായാണ് അയര്‍ലന്‍ഡിന്റെ നിര്‍ണായക മല്‍സരം.

Top