ഹീറോ മോട്ടോകോര്‍പ്പിന്റെ 110 സി സി സ്കൂട്ടര്‍ ഡാഷ് ഉടന്‍ വിപണിയിലെത്തും. 2014 ലെ ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഹീറോ ഈ സ്കൂട്ടര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹോണ്ട ആക്ടിവ, ടി വി എസ് ജൂപ്പിറ്റര്‍, സുസുക്കി ലെറ്റ്സ്, മഹീന്ദ്ര ഗസ്റ്റോ എന്നിവ ഉള്‍പ്പെട്ട 110 സി സി വിപണിയിലേക്കാണ് ഡാഷ് വരുന്നത്.
യു എസ് ബി മൊബൈല്‍ ചാര്‍ജര്‍, സര്‍വീസിന് സമയമായെന്ന സൂചന നല്കുന്ന ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, എല്‍ ഇ ഡി ടെയില്‍ ലാമ്പുകള്‍, ആധുനിക സുരക്ഷാ സംവിധാനം ഉള്‍പ്പെടുത്തിയ കീ, സീറ്റിനടിയില്‍ സ്റ്റോറേജ് ലാമ്പ്, അനലോഗ് ഡിജിറ്റല്‍ മീറ്റര്‍, ഡ്യുവല്‍ ടോണ്‍ മിററുകള്‍ തുടങ്ങിയ ആകര്‍ഷക സവിശേഷതകളുമായാണ് ഡാഷ് വരുന്നത്.
ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച സ്കൂട്ടറില്‍ അലോയ് വീലുകള്‍, ട്യൂബ് ലെസ് ടയറുകള്‍ എന്നിവയും ഉണ്ടായിരുന്നു. ഇവ വിപണിയിലെത്തുന്ന സ്കൂട്ടറില്‍ ഉണ്ടാവുമോയെന്ന് വ്യക്തമല്ല. 111 സി സി നാലു സ്ട്രോക് എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാവും സ്കൂട്ടറിന് കരുത്ത് നല്‍കുന്നത്. 8.5 ബി എച്ച് പി പരമാവധി കരുത്തും 9.4 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കുന്നതാണ് എന്ജിന്.