ഹുദ് ഹുദിനു ശേഷം ഭീതി വിതച്ച് നിലോഫര്‍

ന്യൂഡല്‍ഹി: ഹുദ് ഹുദിനു ശേഷം ഭീതി വിതച്ച് നിലോഫര്‍ ചുഴലിക്കാറ്റ് എത്തുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗുജറാത്ത് തീരങ്ങളില്‍ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴയ്ക്കു സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കി. മീന്‍ പിടുത്തക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓമാന്‍, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് കാറ്റ് വീശുന്നത്. കേരളത്തിലെ കപ്പലുകളും ബോട്ടുകളും കടലില്‍ ഇറക്കരുതെന്നും വിമാന സര്‍വീസുകള്‍ ശ്രദ്ധയോടെ വേണമെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കര്‍ണ്ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഗുജാറാത്തില്‍ വന്‍ നാശ നഷ്ടം ഉണ്ടാകാം എന്ന അതീവ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

നാളെ നിലോഫര്‍ അതിന്റെ ഏറ്റവും ഉച്ചസ്ഥായിയിലെത്തും. മണിക്കൂറില്‍ 145 കിലോമീറ്റര്‍ ആയിരിക്കും അപ്പോള്‍ കാറ്റിന്റെ വേഗം. കാറാച്ചിയിലെത്തുമ്പോള്‍ കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ ആയിരിക്കും. ഇന്ത്യയില്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ നിലോഫര്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

Top