ഹുറിയത്ത് നേതാക്കളുമായുള്ള പാകിസ്ഥാന്റെ ചര്‍ച്ചകള്‍ ഇന്ത്യ- പാക് ചര്‍ച്ചയ്ക്ക് തടസമായി

ന്യൂയോര്‍ക്ക്: കാശ്മീരിലെ ഹുറിയത്ത് നേതാക്കളുമായുള്ള പാകിസ്ഥാന്റെ ചര്‍ച്ചകള്‍ ഇന്ത്യയുടേയും പാകിസ്ഥാന്റേയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ചക്ക് തടസമുണ്ടാക്കിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ആഗസ്റ്റ് 25ലെ ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ചകള്‍ ഇന്ത്യയാണ് റദ്ദാക്കിയതെന്നും ഇനി ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ ഉപദേശകനുമായ സര്‍താജ് അസീസ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്. ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് പുതിയ സന്ദേശം നല്‍കിയതാണ്. എന്നാല്‍ പാകിസ്ഥാന്റെ തിടുക്കപ്പെട്ടുള്ള ചര്‍ച്ചകള്‍ എല്ലാം താറുമാറാക്കുകയായിരുന്നു എന്ന് സുഷമ വ്യക്തമാക്കി.

ഇവിടെ ആദ്യത്തേതെന്നും രണ്ടാമത്തേതെന്നുമുള്ള പ്രശ്‌നമില്ല. ചര്‍ച്ചകള്‍ക്ക് ഇന്ത്യ തന്നെയാണ് താല്‍പര്യം എടുത്തത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് മോദി തന്നെയാണ്. പിന്നീട് നടന്ന ചര്‍ച്ചയ്ക്കിടെ വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച വേണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ അത് അംഗീകരിക്കുകയായിരുന്നുവെന്നും എന്നാല്‍ പാകിസ്ഥാന്‍ ഹുറിയത് നേതാക്കളുമായി ചര്‍ച്ച നടത്തിയത് സെക്രട്ടറി തല ചര്‍ച്ചയെ ഇല്ലാതാക്കിയതെന്നും സുഷമ വ്യക്തമാക്കി.

Top