ഹോങ്കോംഗിലെ മൂന്ന് ജനാധിപത്യ പ്രക്ഷോഭ നേതാക്കള്‍ക്ക് യാത്രാ വിലക്ക്

ഹോങ്കോംഗ്: ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന ഹോങ്കോംഗിലെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് ബീജിംഗിലേക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തി. ബീജിംഗില്‍ ചൈനീസ് അധികൃതരുടെ മുന്നില്‍ നേരിട്ടെത്തി പൂര്‍ണ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്താനുള്ള ആവശ്യം മുന്നോട്ടുവെക്കാന്‍ ഇവര്‍ നേരത്തെ ഉദ്ദേശിച്ചിരുന്നു. ചൈനീസ് അധികൃതര്‍ വിമാനയാത്രക്കുള്ള അനുമതി റദ്ദ് ചെയ്ത കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഇവരെ വിമാന അധികൃതര്‍ അറിയിക്കുകയായിരുന്നു.

ആറാഴ്ചയോളം ഹോങ്കോംഗ് നഗരത്തെ നിശ്ചലമാക്കിയ സമരത്തിന് നേതൃത്വം നല്‍കിയ മൂന്ന് നേതാക്കള്‍ക്കാണ് ഇപ്പോള്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചൈനീസ് അധികൃതരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനാധിപത്യവാദികള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടര്‍ന്ന് ഇവര്‍ ബീജിംഗിലേക്ക് നേരിട്ട് പോകാന്‍ പദ്ധതിയിട്ടിരുന്നു. പൂര്‍ണജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ചൈനീസ് അധികൃതര്‍ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിട്ട് മാസങ്ങളായി. സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് ഇതുവരെയും കീഴടങ്ങിയിട്ടില്ല. എന്നാല്‍ പൂര്‍ണജനാധിപത്യം നടപ്പിലാക്കുന്നത് വരെ പ്രക്ഷോഭ പരമ്പരകള്‍ തുടരുമെന്നാണ് ജനാധിപത്യ വാദികള്‍ പറയുന്നത്. നിരവധി തവണ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബീജിംഗ് രംഗത്തെത്തിയിരുന്നു.

Top