ഹോണ്ട ഗോള്‍ഡ് വിംഗ്

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയിലേക്ക് ആഡംബരത്തിന്റെ ചുവടുവച്ചെത്തുകയാണ് ഹോണ്ടയും. ഗോള്‍ഡ് വിംഗ് എന്ന ആഡംബര ക്രൂസര്‍ ബൈക്കുമായി ഇന്ത്യന്‍ വിപണിയിലേക്ക് ഹോണ്ട എത്തി. കറുപ്പ്, സില്‍വര്‍ മെറ്റാലിക്, കാന്‍ഡി റെഡ്, ബ്ലാക്ക് നിറഭേദങ്ങളില്‍ വിപണിയിലെത്തുന്ന ഗോള്‍ഡ് വിംഗിന് 28.50 ലക്ഷം രൂപ മുതല്‍ 31.50 ലക്ഷം രൂപ വരെയാണ് വില.

ബ്രഹ്മാണ്ഡ് രൂപക്പനയാണ് ഗോള്‍ഡ് വിംഗിന്റെ പ്രധാന ആകര്‍ഷണം. 2630 എം.എം നീളവും 945 എം.എം വീതിയും 1455 എം.എം ഉയരവും 740 എം.എം സീറ്റ് ഉയരവും 1690 എം.എം വീല്‍ ബെയ്‌സും 421 കിലോഗ്രാം കെര്‍ബ് വെയ്റ്റുമുള്ളതാണ് ഈ ക്രൂസര്‍ ബൈക്കിന്റെ ബോഡി.

ജി.പി.എസ് ഉള്‍പ്പെടുന്നതാണ് ഇന്‍സ്ട്രുമെന്റ് പാനലെങ്കിലും ഓഡോമീറ്റര്‍ ഒഴികെയെല്ലാം അനലോഗാണ്. സീറ്റിന്റെ ഉയരം ഡ്രൈവറുടെ സൗകര്യാര്‍ത്ഥം ക്രമീകരിക്കാം. സംഗീതം ആസ്വദിക്കാനായി 80വാട്ട്‌സ് എസ്.ആര്‍.എസ് സൗണ്ട് മ്യൂസിക് സിസ്റ്റം, യു.എസ്.ബി, ആറ് സ്പീക്കറുകള്‍ തുടങ്ങിയവയുണ്ട്.

എയര്‍ ആസിസ്റ്റ് ടെലസ്‌കോപ്പിക് ഫോര്‍ക്, ഇലക്‌ട്രോണിക്കലി കോണ്‍ട്രോള്‍ഡ് സ്പ്രിംഗ് സസ്‌പെഷനുകള്‍ യാത്ര സുഖകരമാക്കും. 3 പിസ്റ്റണ്‍ കാലിപ്പര്‍ ഡ്യുവല്‍ ഹൈഡ്രോളിക്, വെന്റിലേറ്റഡ് ഡിസ്‌ക് ബ്രേക്കുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, എയര്‍ ബാഗ് എന്നിവ സുരക്ഷയും ഉറപ്പാക്കും.

ലിക്വിഡ് കൂളായ 4 സ്‌ട്രോക്ക്, 12 വാല്‍വ് എസ്.ഒ.എച്ച്.സി ഫ്‌ളാറ്റ് 6, 1832 സി.സി എന്‍ജിനാണ് ഗോള്‍ഡ് വിംഗിനെ നിയന്ത്രിക്കുന്നത്. 116.66 ബി.എച്ച്.പി കരുത്തും 167 ന്യൂട്ടണ്‍ മീറ്റര്‍ ഉയര്‍ന്ന ടോര്‍ക്കുമുള്ള എന്‍ജിനാണിത്. അഞ്ച് ഗിയറുകളുണ്ട്. ലിറ്ററിന് 18.42 കിലോമീറ്ററാണ് സര്‍ട്ടിഫൈഡ് മൈലേജ്. ഇന്ധനടാങ്കില്‍ 25 ലിറ്റര്‍ പെട്രോള്‍ ഉള്‍ക്കൊള്ളും.

ഹാര്‍ലി ഡേവിഡ്‌സണ്‍ സി.വി.ഒ ലിമിറ്റഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍ സി.വി.ഒ എലെക്ട്ര ഗ്ലൈഡ്, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് ഗ്ലൈഡ്, ബി.എം.ഡബ്‌ള്യു കെ1600 ജി.ടി എന്നിവയാണ് ഗോള്‍ഡ് വിംഗിന്റെ പ്രധാന എതിരാളികള്‍.

Top