ന്യൂഡല്‍ഹി: നിറങ്ങളുടെ ആഘോഷമാണു ഹോളി. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇസ്രൊയുടെ ചൊവ്വാ ദൗത്യമായ മംഗല്യാന് ചിത്രങ്ങളും. മംഗല്യാന് എടുത്ത മൂന്നു ചിത്രങ്ങളാണ് ഹോളി ആഘോഷത്തിനു മുന്നോടിയായി ഇസ്രൊ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വിട്ടത്. മംഗല്യാനിലെ മാഴ്സ് കളര്‍ ക്യാമറ ഉപയോഗിച്ചെടുത്ത ചൊവ്വാപ്രതലത്തിലെ ‘ആര്‍സിയ മോണ്‍സി’ന്റെ ദൃശ്യമാണ് ഒന്ന്. ഗ്രഹപ്രതലത്തില്‍ നിന്ന് 10,707 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഇത് പകര്‍ത്തിയിരിക്കുന്നത്. ചൊവ്വാപ്രതലത്തില്‍ ലാവയുറഞ്ഞുണ്ടായ രൂപഘടനയും ചിത്രത്തില്‍ കാണാം.
ചൊവ്വാപ്രതലത്തിലെ ‘ഇയോസ് കെയോസ്’ മേഖലയുടേതാണ് മറ്റൊരു ചിത്രം. ഇതും പകര്‍ത്തിയത് മാഴ്സ് കളര്ക്യാമറ തന്നെ. ഫെബ്രുവരി അഞ്ചിന് ഗ്രഹപ്രതലത്തിന് 4403 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ഈ ദൃശ്യം.
ചൊവ്വാപ്രതലത്തിലെ ‘വാല്‍സ് മറിനറിസ്’ പ്രദേശത്തിന്റേതാണ് മൂന്നാമത്തെ ചിത്രം. ചൊവ്വാപ്രതലത്തിലുള്ള ഏറ്റവും വലിയ ഗര്‍ത്തമാണ് വാല്‍സ് മറിനെറിസ്. 4000 കിലോമീറ്റര്‍ നീളവും 200 കിലോമീറ്റര്‍ വീതിയും ഏഴ് കിലോമീറ്റര്‍ താഴ്ചയുമുണ്ട് ഗര്‍ത്തത്തിന്. 2400 കിലോമീറ്റര്‍ അകലെ നിന്ന് മാഴ്സ് കളര്‍ ക്യാമറ തന്നെയാണ് ഇതും പകര്‍ത്തിയത്.
2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ച ഇന്ത്യയുടെ അഭിമാന ദൗത്യമായ മംഗല്യാന് പേടകം, 2014 സപ്റ്റംബര്‍ 24 നാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.