ഹ്യുണ്ടായി സാന്‍ട്രോയുടെ ഉല്‍പാദനം നിര്‍ത്തുന്നു

ഹ്യുണ്ടായി സാന്‍ട്രോയുടെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. നവംബര്‍ അവസാനത്തോടെ ഉല്‍പാദനം നിര്‍ത്താനാണ് കമ്പനിയുടെ പദ്ധതി. എന്നിരുന്നാലും കാറിന്റെ വില്‍പനയും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സ് വിതരണവും തുടരുമെന്ന് ഹ്യുണ്ടായി വൃത്തങ്ങള്‍ അറിയിച്ചു. സാന്‍ട്രോക്ക് പകരം ഐ ടെന്‍, ഇയോണ്‍ തുടങ്ങിയ കാറുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

തെക്കന്‍ കൊറിയന്‍ കാര്‍ കമ്പനിയായ ഹുണ്ടായി 1998 ഒക്ടോബറിലാണ് സാന്‍ട്രോ പുറത്തിറക്കിയത്. ബോളിവുഡ് താരം ഷാറൂഖ് ഖാനായിരുന്നു കാറിന്റെ അംബാസഡര്‍. ഇന്ത്യയില്‍മാത്രം 13 ലക്ഷത്തിലേറെ സാന്‍ട്രോ കാറുകളാണ് ഇതിനകം വിറ്റുപോയത്. ലോകത്ത് മൊത്തം 18 ലക്ഷം സാന്‍ട്രോ വിറ്റു.

മാരുതി 800, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന്റെ അംബാസഡര്‍, ഷെവര്‍ലെ സ്പാര്‍ക്, ടൊയോട്ട ക്വാളിസ്, ബജാജ് സ്‌കൂട്ടര്‍ തുടങ്ങിയ വാഹനങ്ങളുടെ ഉല്‍പാദനമാണ് ഇതുവരെ ഇന്ത്യയില്‍ നിര്‍ത്തിയത്.

Top