ഹ്യുണ്ടായ്‌യുടെ കാറുകള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ വില വര്‍ധിക്കും

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എല്‍) വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് ഒന്നു മുതലാണു ഹ്യുണ്ടായ് വാഹനങ്ങളുടെ വില ഉയരുക; മോഡല്‍ അടിസ്ഥാനത്തില്‍ പരമാവധി 30,000 രൂപ വരെയാവും വര്‍ധന.

കഴിഞ്ഞ ദിവസം വിപണിയിലെത്തിയ കോംപാക്ട് എസ് യു വിയായ ക്രീറ്റ ഒഴികെയുള്ളബാക്കി കാറുകള്‍ക്ക് വില ഉയരും.

പുതുമുഖമെന്ന നിലയില്‍ ക്രീറ്റയെ ഹ്യുണ്ടായ് ഇപ്പോഴത്തെ വില വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡല്‍ഹി ഷോറൂമില്‍ 8.59 ലക്ഷം മുതല്‍ 13.60 ലക്ഷം രൂപ വരെ വില നിശ്ചയിച്ചായിരുന്നു കമ്പനി ക്രീറ്റ അവതരിപ്പിച്ചത്.

ചെറുകാറായ ‘ഇയോണ്‍’ മുതല്‍ സെഡാനുകളായ ‘വെര്‍ണ’യും ‘സൊനാറ്റ’യും പിന്നിട്ടു പ്രീമിയം സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘സാന്റാ ഫെ’ വരെ നീളുന്നതാണു ഹ്യുണ്ടായിയുടെ മോഡല്‍ ശ്രേണി; ഡല്‍ഹി ഷോറൂമില്‍ 3.08 ലക്ഷം മുതല്‍ 30.21 ലക്ഷം രൂപ വരെയാണു വിവിധ മോഡലുകളുടെ വില.

പതിവു ന്യായീകരണങ്ങള്‍ നിരത്തിയാണു ഹ്യുണ്ടായ് വാഹന വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഉല്‍പ്പാദന ചെലവിലെ വര്‍ധനയുടെ ഫലമായായണു വാഹന വില കൂട്ടേണ്ടി വന്നതെന്നു ഹ്യുണ്ടായ് മോട്ടോര്‍ സീനിയര്‍ വൈസ് പ്രസിഡന്റ്(സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ വിശദീകരിച്ചു. ഇത്രയും കാലം ഈ അധിക ബാധ്യത കമ്പനി ഏറ്റെടുത്തെങ്കിലും ഇനി വില ഉയര്‍ത്താതെ മുന്നോട്ടു പോകാനാവാത്ത സാഹചര്യമാണെന്നും അദ്ദേഹം അറിയിച്ചു.

വില്‍പ്പന പ്രതീക്ഷിച്ച തലത്തിലേക്ക് ഉയരാത്ത സാഹചര്യത്തില്‍ പല വാഹന നിര്‍മാതാക്കളും കനത്ത വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതാവട്ടെ പല കമ്പനികളുടെയും ലാഭക്ഷമതയെ പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്.

അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ലെന്ന പൊതു വിലയിരുത്തലിന് വിരുദ്ധമാണ് ഹ്യുണ്ടായ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളില്‍ രണ്ടാം സ്ഥാത്തുള്ള ഹ്യുണ്ടായ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ എതിരാളികളും ഇതേ പാത പിന്തുടരാന്‍ സാധ്യതയേറിയിട്ടുണ്ട്.

Top