ഹ്യുണ്ടായ് ഐഎക്‌സ്25

ഹ്യുണ്ടായ് ഐഎക്‌സ്25 എസ്‌യുവി ചൈനയില്‍ ലോഞ്ചു ചെയ്തു. ഈ വര്‍ഷാദ്യം ബീജിംഗ് മോട്ടോര്‍ ഷോയിലാണ് ഐഎക്‌സ്25 അവതരിപ്പിച്ചത്. സമീപകാലത്ത് ഇന്ത്യയിലും ഹ്യുണ്ടായ് തങ്ങളുടെ പുതിയ എസ്‌യുവിയുടെ ടെസ്റ്റിംഗ് നടത്തുകയുണ്ടായി. ഇതോടെ ഇന്ത്യയില്‍ ഐഎക്‌സ്25 ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനയില്‍, രണ്ടു പെട്രോള്‍ എന്‍ജിന്‍ വേരിയന്റുകളില്‍ മാത്രമാണ് ഐഎക്‌സ്25 പുറത്തിറങ്ങുന്നത്. 122.8 ബിഎച്ച്പി (കുതിരശക്തി) യും, 150.7 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉള്ള 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഒരു മോഡല്‍. കൂടുതല്‍ കരുത്താഗ്രഹിക്കുന്നവര്‍ക്ക് 158 ബിഎച്ച്പി (കുതിരശക്തി) യും, 192 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും ഐഎക്‌സ്25 സ്വന്തമാക്കാനാവും. ചൈനയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അത്ര പ്രചാരമില്ല എതിനാല്‍ ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കില്ല. എന്നാല്‍ ഇന്ത്യയില്‍ ഡീസല്‍ വേര്‍ഷനും എത്തും.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്‌സ്, പനോരമിക് സണ്‍റൂഫ്, ലെതര്‍ സീറ്റുകള്‍, ടച്ച്‌സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സിസ്റ്റമുപയോഗിച്ച് അഡ്ജസ്റ്റു ചെയ്യാവുന്ന റിയര്‍വ്യൂ മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്‌ളൈമറ്റ് കണ്‍ട്രോള്‍, കീലെസ് സ്റ്റാര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഐഎക്‌സ്25നെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ചൈനയില്‍ 12 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വിലയുള്ള ഈ മോഡലിന് ഇന്ത്യയില്‍ 8.5 ലക്ഷം മുതല്‍ 12 ലക്ഷം വരെ വിലയാകുമെന്ന് കരുതപ്പെടുന്നു. റിനോള്‍ട്ട് ഡസ്റ്റര്‍, നിസാന്‍ ടെരാനോ, ഫോര്‍ഡ് ഇകോസ്‌പോര്‍ട്ട് തുടങ്ങിയ ജനപ്രിയ എസ്‌യുവി മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയായാണ് പുതിയ എസ്‌യുവി എത്തുന്നത്.

Top