സിഡ്നി : അന്തരിച്ച ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഫില്‍ ഹ്യൂസിന്റെ സംസ്കാരചടങ്ങുകള്‍ ബുധനാഴ്ച്ച നടക്കും. ഹ്യൂസിന്റെ ജന്മനാടായ മാക്സ്വില്ലയിലെ കത്തോലിക്കാ ദേവാലയത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.
ഇന്ത്യഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ തന്നെ നടക്കണമെന്നും ഹ്യൂസിന്റെ കുടുംബം ആവശ്യപ്പെട്ടു. ഹ്യൂസിന്റെ കുടുംബത്തിന്റെ പ്രസ്താവന സൗത്ത് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന് സിഇഒ കീത്ത് ബ്രാഡ്ഷാ ആണ് പുറത്ത് വിട്ടത്.
വേദന പുറത്തു കാണിക്കാതെ ഹ്യൂസിന്റെ കുടുംബം
ക്രിക്കറ്റില്‍ ഹ്യൂസിന് നല്ല രീതിയില്‍ പിന്തുണച്ചിരുന്ന ഹ്യൂസിന്റെ കുടുംബത്തിന് ഇനിയും വേര്‍പാട് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിഡ്നിയില്‍ ഏറ് കൊണ്ട് വീണപ്പോളും വിഐപി സ്റ്റാന്‍ഡില്‍ കളി കാണാനെത്തിയ ഹ്യൂസിന്റെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. ഹ്യൂസിന്റെ വീഴ്ച മരണത്തിലേക്കാണെന്ന് അവര്‍ ഒരിക്കലും കരുതിയിട്ടുമുണ്ടായിരുന്നില്ല. പ്രിയപ്പെട്ട മകന്റെ സഹോദരന്റെ വേര്‍പാട് എല്ലാത്തിനുമതീതമാണ് അവര്‍ക്ക്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കാന്‍ ആഗ്രഹിച്ചിരുന്നു ഹ്യൂസ്. അതിനുള്ള ശ്രമമായിരുന്നു ന്യൂസൗത്ത് വെയില്‍സിനെതിരായ അവസാന ഇന്നിങ്സ്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഹ്യൂസിനെ ബൗണ്‍സര്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ കുടുംബത്തിന്റെ കൂടി സ്വപ്നങ്ങളാണ് ഇല്ലാതായത്.