ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ ; പുരുഷവിഭാഗം ഡബിള്‍സില്‍ ജയം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. ഗെയിംസിലെ പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ – ദിവിജ് സഖ്യമാണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. കസാക്കിസ്ഥാന്റെ അലക്‌സാണ്ടര്‍ ബബ്ലിക്- ഡെനിസ് യെവ്‌സെയേവ് സഖ്യത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 6 -3, 6-4.

ജപ്പാന്റെ കൈറ്റോ യൂസുഖിഷോ -ഷിമാബുകുറോ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം ഫൈനലിലെത്തിയത്. സ്‌കോര്‍ 4-6, 6-4, 10-8. ഏഷ്യന്‍ ഗെയിംസിന്റെ തുഴച്ചലില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി ലഭിച്ചിരുന്നു. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്.

സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. കൊറിയയുടെ ഹ്യുന്‍സു പാര്‍ക്ക് സ്വര്‍ണവും ഹോങ് കോങ്ങിന്റെ ചുന്‍ ഗുന്‍ ചിയു വെള്ളിയും നേടി.

Top