ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ നാവികസേന തകര്‍ത്ത ബോട്ട് തങ്ങളുടേതല്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ നാവികസേന തകര്‍ത്ത ബോട്ട് തങ്ങളുടേതല്ലെന്ന് പാക്കിസ്ഥാന്‍.  പാക് വിദേശകാര്യ മന്ത്രാലയം വക്താവ് തന്‍സീം അസ്ലമാണ് ഇക്കാര്യം വ്യക്തമക്കിയത്.

പാകിസ്താനില്‍ നിന്നും ഒരു ബോട്ടും പോയിട്ടില്ലെന്നും ഇന്ത്യയുടേത് ബാലിശമായ ആരോപണമാണെന്നും പാക് അധികൃതര്‍ അറിയിച്ചു. ഇക്കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതായും തന്‍സീം അസ്‌ലം അറിയിച്ചു.  അതേസമയം, ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാന്‍ തീരങ്ങളില്‍ എത്താറുള്ളതായും തന്‍സീം പറഞ്ഞു.

സാമ്പത്തിക കുറ്റകൃത്യമാണിത്. എന്നാല്‍ ഇത്തരത്തില്‍ പിടികൂടുന്ന മത്സ്യബന്ധന തൊഴിലാളികളെ അനുകമ്പയോടെയാണ് പാകിസ്ഥാന്‍ പരിഗണിക്കാറെന്നും തന്‍സീം വ്യക്തമാക്കി.

എന്നാല്‍, ബോട്ടിലുണ്ടായിരുന്നവര്‍ക്ക് ഭീകരവാദ ബന്ധം സ്ഥിരീകരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. പൊട്ടിത്തെറിച്ച ബോട്ട് സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു പ്രതിരോധമന്ത്രി. തെളിവുകള്‍ തീവ്രവാദ ബന്ധം വ്യക്തമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Top