റായ്പൂര്‍: സിങ്കോഡയില് കള്ളക്കടത്ത് സംഘത്തില്‍ നിന്ന് വന്‍ വെള്ളി ശേഖരം പിടിച്ചെടുത്തു. ഒരു കോടി 76 ലക്ഷം രൂപ വിലമതിക്കുന്ന 235 കിലോഗ്രാം വെള്ളിയാണ് പൊലീസ് കണ്ടെടുത്തത്. അഞ്ച് ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശികളായ ഗൗരവ് ശല്യ, സഞ്ജയ് ഖാന് എന്നിവരാണ് അറസ്റ്റിലായത്.
വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഒഡിഷയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കാറില്‍ വരികയായിരുന്നു ഇരുവരും. വാഹനം പരിശോധിച്ചപ്പോള്‍ വെള്ളി കണ്ടെത്തി. ഇത് സംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്നായിരുന്നു ഇരുവരുടെയും മറുപടി. ഇതോടെയാണ് കള്ളക്കടത്താണെന്ന് പൊലീസിന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.