പിടികൂടിയ 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു; പുലിവാല് പിടിച്ച് പൊലീസ്

പിടിച്ചെടുത്ത 1.5 ടണ്‍ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച പൊലീസിന് കിട്ടിയത് കനത്ത പണി. കൊളംബിയയിലെ മെഡലിനിലാണ് സംഭവം. കഞ്ചാവ് കത്തി പുക പടര്‍ന്നതോടെ പൊലീസിന് ഒരു നഗരത്തിലെ മുഴുവൻ ജനങ്ങളെ ഒഴിപ്പിക്കേണ്ടിവന്നു. കൊളംബിയന്‍ പൊലീസ് അടുത്തിടെ ലഹരിമരുന്ന് വില്‍പനക്കാര്‍ കടത്താന്‍ ശ്രമിച്ച 1.5 ടണ്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഈ കഞ്ചാവാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പൊലീസ് കൂട്ടിയിട്ട് കത്തിച്ചത്.

എന്നാല്‍ കഞ്ചാവ് കത്തിക്കുന്നതിന് മുന്‍പ് കാലാവസ്ഥാ പരിശോധന നടത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രതീക്ഷിക്കാതെ കാറ്റ് വന്നതോടെ കഞ്ചാവ് പുക പ്രദേശത്താകെ പടര്‍ന്നു. പുക മൂടുന്നത് കണ്ട് തീ പടരുകയാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ കഞ്ചാവിന്‍റെ ഗന്ധം രൂക്ഷമായതോടെയാണ് കാര്യം പിടികിട്ടിയത്. കത്തിക്കുന്നതിനിടെ കാറ്റ് വീശുകയും സമീപ പ്രദേശത്ത് പുക മൂടി മേഘങ്ങള്‍ പോലെ രൂപപ്പെടുകയുമായിരുന്നു. കഞ്ചാവിന്‍റെ ഗന്ധം പിന്നാലെ സുരക്ഷ ഉറപ്പാക്കുന്നതിന് ചുറ്റുപാടുമുള്ള നിരവധി പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു.

Top