1.90 core give to umman chandy; saritha nair

കൊച്ചി: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രണ്ടു തവണയായി 1.90 കോടി രൂപ കോഴ നല്‍കിയെന്ന് കേസിലെ മുഖ്യപ്രതി സരിത എസ്.നായര്‍ സോളാര്‍ ജുഡിഷ്യല്‍ കമ്മിഷന്‍ മുന്പാകെ മൊഴി നല്‍കി.

സോളാര്‍ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപയാണ് മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ആവശ്യപ്പെട്ടത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വിശ്വസ്തന്‍ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നും സരിത വെളിപ്പെടുത്തി.

സരിത സോളാര്‍ കമ്മീഷന് മുമ്പില്‍ നല്‍കിയ വെളിപ്പെടുത്തലുകള്‍

മുഖ്യമന്ത്രിക്കുള്ള പണം ഡല്‍ഹിയില്‍വച്ചു നല്‍കണമെന്ന് ജിക്കുമോന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ 27ന് ഇവിടെ പണം ഏര്‍പ്പാടാക്കിയിരുന്നു. കേരള ഹൗസില്‍ വച്ചു കണാമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി ദേശീയ വികസന സമിതിയോഗത്തില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ വിജ്ഞാന്‍ ഭവനില്‍ എത്താന്‍ നിര്‍ദേശിച്ചു. എന്നാല്‍ താന്‍ അവിടെയെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടതിനാല്‍ ആ വിവരം കുരുവിളയെ വിളിച്ചറിയിച്ചു. തോമസ് കുരുവിളയെ വിളിക്കാന്‍ ജിക്കുവാണ് നമ്പര്‍ തന്നത്. വിജ്ഞാന്‍ ഭവനിലെത്തിയ താന്‍ തോമസ് കുരുവിളയുമായി സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പുറത്തുവന്ന് എന്തായി എന്നു ചോദിച്ചിരുന്നു. പണം റെഡിയായിട്ടുണ്ടെന്നു താന്‍ മറുപടി നല്‍കുകയും ചെയ്തു.

എങ്ങനെ പണം കൈമാറുമെന്ന് തോമസ് കുരുവിളയോടു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ രക്തബന്ധത്തിലുള്ളവര്‍ ഡല്‍ഹിയിലുണ്ടെന്നും അവരെ ഏല്‍പ്പിക്കാമെന്നും അറിയിച്ചു. തുടര്‍ന്നു കാറില്‍ വച്ചു പണം നല്‍കിയെന്നും സരിത കമ്മിഷനെ അറിയിച്ചു. തോമസ് കുരുവിളയ്ക്ക് 1 കോടി 10 ലക്ഷം കൈമാറി. പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷം രൂപ തോമസ് കുരുവിളയ്ക്കു വീണ്ടും കൈമാറി. ജിക്കുമോനെ വിളിച്ചു പറഞ്ഞതിനുശേഷമാണ് ഇതു നല്‍കിയത്.

മന്‍മോഹന്‍ ബംഗ്ലാവില്‍ എത്തിയാണു മന്ത്രി ആര്യാടന്‍ മുഹമ്മദിനു പണം നല്‍കിയത്. വിലപേശല്‍ നടത്തിയതിനുശേഷമാണു മന്ത്രിയുടെ മുന്നില്‍ വച്ച് കേശവന്റെ കൈയില്‍ പണം നല്‍കിയത്. ജയിലിലായപ്പോള്‍ ചോദിച്ചിട്ടും മന്ത്രി സഹായിച്ചില്ല. ടെന്നി ജോപ്പന്റെ ഫോണില്‍ നിന്നു വിളിക്കാന്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രിയാണ്.

മന്ത്രിയായിരുന്ന കെ.ബി.ഗണേഷ് കുമാറിന്റെ പിഎ വഴിയാണ് അദ്ദേഹത്തിന്റെ അപ്പോയിന്‍മെന്റ് എടുത്തത്. നിവേദനം പരിശോധിക്കാന്‍ മുഖ്യമന്ത്രി ആര്യാടനു നിര്‍ദേശം നല്‍കി. അനര്‍ട്ടുമായി സഹകരിച്ച് സോളര്‍ പദ്ധതി തുടങ്ങാനായിരുന്നു ഇത്. പദ്ധതിയെക്കുറിച്ച് ജിക്കുവിന് എല്ലാം അറിയാമായിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും സലിംരാജിന്റെയും ഫോണുകളിലാണു മുഖ്യമന്ത്രിയെ വിളിച്ചിരുന്നത്.

Top