തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് പുതിയ വാദവുമായി പൊതുഭരണ വകുപ്പ്. ദൃശ്യങ്ങള്‍ മാറ്റാന്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ വേണം. ഇതിന് ഒരു കോടി നാല്‍പ്പത് ലക്ഷം രൂപയാണെന്നും ഇത് ആര് വഹിക്കുമെന്നുമാണ് പൊതുഭരണ വകുപ്പ് ഉന്നയിക്കുന്ന പ്രശ്‌നം.
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എക്ക് തത്കാലം കൈമാറേണ്ടതില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം. സ്വര്‍ണ്ണക്കടത്ത് കേസില്‍ വഴിത്തിരിവാകുന്നത് സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങളെന്നാണ് എന്‍.ഐ.യുടെ വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായാണ് പൊതുഭരണവകുപ്പിലെ ഹൗസ്‌കീപ്പിംഗ് വിഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ സമീപിക്കുന്നത്.വിവാദത്തില്‍പ്പെട്ട ശിവശങ്കരനും കെ.ടി.ജലീലുമൊക്കെ സെക്രട്ടേറിയേറ്റില്‍ വെച്ച് സ്വപ്നയുമായും സരിത്തുമായും സന്ദീപുമായുമൊക്കെ സംസാരിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് സിസിടിവി ദൃശ്യങ്ങളിലൂടെ എന്‍ഐഎ ലക്ഷ്യമിടുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിച്ച 82 ക്യാമറകളിലെ 365 ദിവസത്തെ ദൃശ്യങ്ങളാണ് ഏതുസമയത്തും എന്‍ഐഎക്ക് നല്‍കാമെന്ന് പൊതുഭരണവകുപ്പ് നേരത്തെ അറിയിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ പൊതുഭരണവകുപ്പ് നിലപാട് മാറ്റുകയായിരുന്നു.എന്‍ഐഎ ആവശ്യപ്പെട്ട ദൃശ്യങ്ങളെല്ലാം കൂടി ഏകദേശം 800 ടെറാബൈറ്റ് വരും. അതെല്ലാം ശേഖരിക്കണമെങ്കില്‍ 400 ടിബിയുടെ രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ വേണം. ഇത്തരം ഹാര്‍ഡ് ഡിസ്‌കുകള്‍ ഇന്ത്യയിലില്ല. അതിനാല്‍ ഇവ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം.