പനാജി: ഗോവയിൽ നടപ്പാലം തകർന്ന് അമ്പതിലേറെ പേർ പുഴയിൽ വീണു. ഒരു മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
പോർച്ചുഗീസ് കാലത്ത് നിർമിച്ച സുവാരി നടപ്പാലമാണ് തകർന്നത്. വ്യാഴാഴ്ച വൈകുന്നേരം തെക്കൻ ഗോവയിലെ കുടചടേമിലായിരുന്നു സംഭവം.
ഒരു യുവാവ് ജീവനൊടുക്കാൻ പാലത്തിൽ നിന്നും നദിയിലേക്ക് ചാടിയിരുന്നു. ഇയാളെ രക്ഷിക്കാൻ അഗ്നിശമന സേന ശ്രമിക്കുമ്പോഴാണ് സംഭവം. തെരച്ചിൽ കാണാൻ ആളുകൾ പാലത്തിൽ തടിച്ചുകൂടിയതാണ് അപകടത്തിന് കാരണമായത്.
സാൻവോർദം നദിക്കു കുറുകെയുള്ള പാലം വളരെ പഴക്കം ചെന്നതാണ്. അതിനാൽ വാഹനങ്ങൾക്ക് പാലത്തിൽ പ്രവേശമില്ല. നടപ്പാലമായി മാത്രമാണ് ഉപയോഗിച്ച് വന്നിരുന്നത്.
നദിയിൽവീണ പത്തോളം പേരെ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ നീന്തി മറുകരയിലെത്തി. ചിലരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.