ലുധിയാന സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

ലുധിയാന (പഞ്ചാബ്): ലുധിയാന സെന്‍ട്രല്‍ ജയിലില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസിനെ വെടിവെക്കേണ്ടിവന്നു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ക്കാണ് ഏറ്റുമുട്ടലിനിടെ പരിക്കേറ്റത്. മയക്കുമരുന്ന് കേസില്‍ വിചാരണ നേരിടുന്ന സണ്ണി സൂദ് എന്നയാള്‍ പട്യാലയിലെ ആശുപത്രിയില്‍ മരിച്ചതിന് പിന്നാലെയാണ് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടിയത്. സീദിനെ പോലീസ് വധിച്ചതാണെന്ന് ആരോപിച്ച് ഗുണ്ടാസംഘം ജയിലില്‍ അക്രമം അഴിച്ചുവിട്ടു. തുടര്‍ന്നുണ്ടായ കല്ലേറില്‍ എ.സി.പി അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

ജയിലിലെ അടുക്കളയുടെ ഒരുഭാഗവും ജയില്‍ സൂപ്രണ്ടിന്റെ വാഹനവും ഗുണ്ടകള്‍ പാചകവാതകം തുറന്നുവിട്ടശേഷം കത്തിച്ചു. ജയിലിന്റെ പ്രധാന കവാടം തകര്‍ത്ത് രക്ഷപ്പെടാനും 300ഓളം പേര്‍ ചേര്‍ന്ന് ശ്രമിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍ പോലീസ് സംഘം ജയിലില്‍ എത്തിയശേഷമാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. തടവുകാരെയെല്ലാം അവരുടെ സെല്ലുകളില്‍ അടയ്ക്കാന്‍ കഴിഞ്ഞുവെന്ന് അധികൃതര്‍ പറഞ്ഞു.

Top