അഹമ്മദാബാദ്: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി വന്‍ ഒരുക്കങ്ങളാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നത്. സര്‍ദാര്‍ വല്ലഭായ് എയര്‍പോര്‍ട്ടില്‍ നിന്നും അഹമ്മദാബാദിലെ മൊട്ടേറാ സ്റ്റേഡിയത്തിലേക്കുള്ള വഴിയിലെ ചേരികള്‍ മതില്‍കെട്ടി മറച്ചും, മലിനീകരണം കൊണ്ട് പൊറുതിമുട്ടിയ യമുനാ നദിയിലേക്ക് 14000ഓളം ലിറ്റര്‍ ജലം ഒഴുക്കി വൃത്തിയാക്കിയുമെല്ലാം വന്‍ ഒരുക്കങ്ങളാണ് വെറും മൂന്ന് മണിക്കൂര്‍ മാത്രം ഉള്ള ട്രംപിന്റെ സന്ദര്‍ശനത്തിനായി ഒരുക്കുന്നത്.
മാത്രമല്ല അഹമ്മദാബാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ 70 ലക്ഷം ആളുകളാണ് എത്തുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്നെ സ്വീകരിക്കാന്‍ 50-70 ലക്ഷം വരെ ആളുകളെ അണിനിരത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോദിയുടെ വാക്കും ട്രംപിന്റെ സ്വപ്‌നവും പാഴാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഷ്ടിച്ച് ഒരു ലക്ഷം പേരെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.മോദി ട്രംപിന് വാക്ക് നല്‍കിയത് പോലെ 70 ലക്ഷം ആളുകള്‍ പങ്കെടുക്കില്ലെന്നും ഒരുലക്ഷം പേര്‍ മാത്രമാണ് പങ്കെടുക്കുകയെന്നുമാണ് അധികൃതരുടെ വാദം.
ഫെബ്രുവരി 16ന് കമ്മീഷ്ണര്‍ നെഹ്റ ട്വീറ്റ് ചെയ്ത പോസ്റ്റിലുംറോഡ് ഷോയില്‍ ഒരു ലക്ഷം ആളുകളാണ് എത്തുകയെന്ന് വ്യക്തമാക്കിയിരുന്നു. റോഡ്ഷോയില്‍ പങ്കെടുക്കാന്‍ ഇതുവരെ ഒരു ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്നും താല്‍പര്യമുള്ളവര്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെന്നുമായിരുന്നു ട്വീറ്റില്‍ വ്യക്തമായിരുന്നു.
ഫെബ്രുവരി 24ന് അഹമ്മദാബാദിലെത്തുന്ന ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞേ മടങ്ങൂ. 22 കിലോമീറ്റര്‍ ദൂരമാണ് ട്രംപും മോദിയും റോഡ് ഷോ നടത്തുന്നത്.