വാഹനം വിറ്റാല്‍ പോലും ഗതാഗത നിയമലംഘനത്തിനുള്ള പിഴയൊടുക്കി തീരാനാവാത്ത അവസ്ഥയാണ് രാജ്യത്തിപ്പോള്‍ ഉള്ളത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ നിലവില്‍ വന്ന പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം നിലവിലുണ്ടായിരുന്ന തുകയുടെ ഇരട്ടിയാണ് പിഴയായി ഈടാക്കുന്നത്. സാധാരണക്കാരായ വാഹന ഉടമകള്‍ക്കും വാടകയ്ക്ക് വാഹനമോടിക്കുന്നവര്‍ക്കും താങ്ങാവുന്നതിലും ഇരട്ടിയായാണ് പിഴ ഉയര്‍ത്തിയിരിക്കുന്നത്.
70,000 രൂപ വില വരുന്ന സ്‌കൂട്ടറിന് ഒരുലക്ഷം രൂപ പിഴ ചുമത്തിയതായി ഒഡീഷയില്‍ നിന്നെത്തിയ വാര്‍ത്തയ്ക്കു പിന്നാലെയാണിപ്പോള്‍ മാധ്യമങ്ങള്‍. പുതിയ ഹോണ്ട ആക്ടീവ സ്‌കൂട്ടറിന് നമ്പറും താത്കാലിക പെര്‍മിറ്റും ഇല്ലെന്ന് കാണിച്ചാണ് ഒരു ലക്ഷം രൂപ വാഹന ഉടമയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടിരിക്കുന്നത്. എന്നാല്‍, ഈ വാഹനത്തിന് 70,000 രൂപയില്‍ താഴെ മാത്രമാണ് വിലയെന്നതാണ് യാഥാര്‍ഥ്യം.
ഭുവനേശ്വറിലെ ഡീലര്‍ഷിപ്പില്‍ നിന്ന് ഓഗസ്റ്റ് 28-നാണ് വാഹന ഉടമ ഈ സ്‌കൂട്ടര്‍ വാങ്ങിയത്. സെപ്റ്റംബര്‍ 12-ന് നടന്ന വാഹന പരിശോധനയില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് ഉടമയ്ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു. രേഖകളൊന്നും നല്‍കാതെ വാഹനം ഉപയോക്താവിന് നല്‍കിയതിന് ഡീലര്‍ഷിപ്പിന്റെ ലൈസന്‍സ് റദ്ദാക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു.
പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനം ഉപയോക്താവിന് കൈമാറുമ്പോള്‍ രജിസ്ട്രേഷന്‍ നമ്പര്‍, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഡീലര്‍മാര്‍ നല്‍കണമെന്ന് ചട്ടമുണ്ട്. ഇത് പാലിക്കപ്പെടാത്തതാണ് ഇത്രയും വലിയ തുക പിഴ ചുമത്തേണ്ട സാഹചര്യമൊരുക്കിയത്.
അതേസമയം പുതുക്കിയ നിയമം പുനപരിശോധന ചെയ്യണമെന്നും നിയമം നടപ്പിലാക്കുന്നതില്‍ സാവകാശം വേണമെന്നും കാട്ടി ഗുജറാത്ത്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.