ന്യൂഡല്‍ഹി: പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു സമ്പന്നന്റെ ഒരു വര്‍ഷത്തെ നികുതികുടിശ്ശിക 21,870 കോടി രൂപ.
ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒരു വര്‍ഷം ഒടുക്കുന്ന മൊത്തം ആദായനികുതി തുകയുടെ 11 ശതമാനം വരും ഇത്. എന്നാല്‍ ഈ നികുതി കുടിശ്ശിക വരുത്തിയ ആള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ ആദായനികുതി വകുപ്പ് തയാറായിട്ടില്ല.
ഇതുപോലെ പേര് പുറത്തുവരാത്ത മൂന്ന് നികുതിദായകരില്‍ ഒരാള്‍ 500 കോടിയുടെ വരുമാനം വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ മൂലധനവരുമാനമായി 500 കോടിയിലധികമുണ്ടെന്ന് വെളിപ്പെടുത്തി. എന്നാല്‍ ഈ മൂന്നു പേരുടെയും പേരുകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കയ്യിലാണെന്ന റിപ്പോര്‍ട്ട് അടുത്തിടെ ഓക്‌സ്ഫാം പുറത്ത് വിട്ടിരുന്നു. 70 % വരുന്ന ഇന്ത്യക്കാരുടെ കൈവശമുള്ള സമ്പത്ത് രാജ്യത്തെ 57 അതിധനികരുടെ കൈവശമുള്ള തുകയ്ക്ക തുല്യമാണ്, റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
3.6 കോടി ഇന്ത്യക്കാര്‍ നികുതി ഒടുക്കുന്നുണ്ട്. അവര്‍ സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നികുതി തുക 16.5 ലക്ഷം കോടി വരും. ഇതില്‍ 1.91 ലക്ഷം കോടി ഇനിയും ഒടുക്കിയിട്ടില്ല. 201314 വര്‍ഷം 23% നികുതി ഒടുക്കിയിട്ടുണ്ടെങ്കില്‍ 2014- 15 വര്‍ഷത്തില്‍ സര്‍ക്കാരിന് ലഭിച്ച ആദായ നികുതി 37 ശതമാനമായി വര്‍ധിച്ചു.
2000-2001 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 9 മടങ്ങായി നികുതി പിരിവ് വര്‍ധിച്ചിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ 2.9 ലക്ഷം കോടി പിരിച്ചെടുക്കാന്‍ സാധിച്ചു. 31764 കോടി രൂപ 2000-2001 വര്‍ഷത്തില്‍ പിരിച്ചെടുത്ത സ്ഥാനത്താണിത്.