റാസല്‍ഖൈമ, അബുദാബി വഴി എത്തുന്നവര്‍ക്ക് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം

അബുദാബി: ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങള്‍ക്ക് യാത്രാ അനുമതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇവിടെ നിന്ന് അബൂദാബി, റാസല്‍ഖൈമ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവര്‍ 10 ദിവസം നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണം. എന്നാല്‍ ദുബായിലും ഷാര്‍ജയിലും എത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അബുദാബി, റാസല്‍ഖൈമ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ ക്വാറന്റൈന്‍ കാലയളവില്‍ ധരിക്കേണ്ട ട്രാക്കിംഗ് ഉപകരണം നിര്‍ബന്ധമായി ധരിക്കണമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയ്ക്കു പുറമെ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുടെ കാര്യത്തില്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതേറിറ്റി പുറപ്പെടുവിച്ച സുരക്ഷാ സര്‍ക്കുലറിലാണ് 10 ദിവസത്തെ ഹോം ക്വാറന്റൈന്‍ വേണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഹോം ക്വാറന്റൈന്‍ കഴിയുന്നവര്‍ നാലാമത്തെയും എട്ടാമത്തെയും ദിവസം പി.സി.ആര്‍ പരിശോധനയും നടത്തുകയും വേണം. അതേസമയം, ദുബായിലും ഷാര്‍ജയിലും എത്തുന്ന യാത്രക്കാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈനില്‍ കഴിയല്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

ഈ രണ്ട് വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ ഇവിടെ വച്ചു തന്നെ പിസിആര്‍ പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മതിയാവും. നെഗറ്റീവ് റിസല്‍ട്ട് വരുന്നതു വരെ ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവരും റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ക്കുമാണ് ആഗസ്ത് അഞ്ച് മുതല്‍ യുഎഇ യാത്രാ വിലക്ക് ഇളവ് ചെയ്തത്.

 

Top