റാസല്‍ഖൈമ: ഇന്ത്യയില്‍ നിന്ന് റാസല്‍ഖൈമ വിമാനത്താവളത്തിലെത്തുന്നവര്‍ 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ക്വാറന്റീന്‍ കാലയളവില്‍ നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
അതേസമയം ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന താമസ വിസക്കാര്‍ അബുദാബിയിലെത്തിയാല്‍ 12 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീനിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലോ കഴിയണം. ക്വാറന്റീന്‍ കാലയളവില്‍ മെഡിക്കല്‍ അംഗീകാരമുള്ള റിസ്റ്റ്ബാന്‍ഡ്(ട്രാക്കിങ് വാച്ച്) ധരിക്കണം. അബുദാബി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ അധികൃതര്‍ റിസ്റ്റ്ബാന്‍ഡ് നല്‍കും.
അബുദാബിയിലെത്തുമ്പോള്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പിന്നീട് ആറാമത്തെയും 11-ാമത്തെയും ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. രണ്ട് വിമാനത്താവളങ്ങളിലുമെത്തുന്നവര്‍ കൊവിഡ് ട്രാക്കിങ് വാച്ച് ധരിക്കണം.
എക്സ്പോ 2020 വിസയുള്ളവര്‍ക്ക് യുഎഇയിലേക്ക് മടങ്ങി വരാന്‍ ജി ഡി ആര്‍ എഫ് എയുടെയോ ഐ സി എയുടെയോ അനുമതി ആവശ്യമില്ല. ഇവരൊഴികെ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ ജി ഡി ആര്‍ എഫ് എയുടെയും മറ്റ് എമിറേറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ ഐ സി എയുടെയും അനുമതി നേടണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധനാ ഫലവും നാല് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പിസിആര്‍ ഫലവും ഹാജരാക്കണം.
യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണം. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ റാപ്പിഡ് പരിശോധന നടത്തും. യാത്രാ സമയത്തിന് നാല് മണിക്കൂര്‍ മുമ്പ് പരിശോധ കൗണ്ടര്‍ പ്രവര്‍ത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂര്‍ മുമ്പ് ഡിപ്പാര്‍ചര്‍ കൗണ്ടര്‍ അടക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കിയിട്ടുണ്ട്.