ന്യൂഡൽഹി : മേയ് മാസത്തിൽ വാഹനങ്ങളുടെ ചില്ലറ വിൽപനയിൽ 10 ശതമാനം വർധനവ്. പാസഞ്ചര്‍, ഇരുചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപനയിൽ വർധനവുണ്ടായെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) അറിയിച്ചു. കഴിഞ്ഞ വർഷം മേയിലെ 18,33,421 യൂണിറ്റിൽനിന്ന് ഇത്തവണത്തെ വില്‍പന 20,19,414 യൂണിറ്റിലേക്കെത്തിയതായാണ് റിപ്പോർട്ടുകൾ. പുതിയ വാഹനങ്ങൾക്കുണ്ടായ ഡിമാൻഡും ബുക്കിങ്ങിലുണ്ടായ വർധനവും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ അറിയിച്ചു.
ഇരുചക്ര വാഹന വിപണിയിൽ മാത്രം ഒൻപതു ശതമാനം വർധനവുണ്ടായി. 2022 മേയില്‍ 13,65,924 യൂണിറ്റായിരുന്നത് ഇത്തവണ 14,93,234 യൂണിറ്റിലേക്കെത്തി. കൊമേഷ്യൽ വാഹനവിൽപന കഴിഞ്ഞ വർഷത്തെ 71,964 യൂണിറ്റിൽനിന്ന് ഏഴു ശതമാനം വർധിച്ച് 77,135 യൂണിറ്റും ട്രാക്ടർ വിൽപന മേയ് 2022 ലെ 64,528 യൂണിറ്റില്‍നിന്നു 10 ശതമാനം വർധിച്ച് 70,739 ലും എത്തി. മുച്ചക്ര വാഹനങ്ങളിലാണ് റെക്കോർഡ് വിൽപന നടന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 79 % വർധിച്ച് 79,433 ലെത്തി. മേയ് മാസത്തെ വിപണന ഡേറ്റ വന്നതോടെ കഴിഞ്ഞ ആഴ്ചയിൽ ഓട്ടോ സ്റ്റോക്കുകളെല്ലാം വിപണിയിൽ നേട്ടമുണ്ടാക്കിയിരുന്നു. ഹീറോ മോട്ടോകോർപ് മാത്രം വിപണിയിൽ 4 ശതമാനത്തിലേറെയാണ് മുന്നേറിയത്.