ഗര്‍ഭനിരോധന ഉറകള്‍ സൗജന്യം ; ഓണ്‍ലൈനായി ഇന്ത്യക്കാര്‍ വാങ്ങിയത് 10 ലക്ഷം കോണ്ടം

ബെംഗളൂരു: എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ ഏപ്രില്‍ 28ന് ഗര്‍ഭ നിരോധന ഉറകള്‍ക്കായി ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചിരുന്നു.

രാജ്യത്ത് ഓണ്‍ലൈനിലൂടെ സൗജന്യമായാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തത്.

എന്നാൽ ഇപ്പോൾ ഫൗണ്ടേഷന്‍ അധികൃതരെപ്പോലും ഞെട്ടിച്ചിരിക്കുന്ന കണക്ക് പുറത്തെത്തി. 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകളാണ് 69 ദിവസംകൊണ്ട് ഓണ്‍ലൈനിലൂടെ വിതരണം ചെയ്തത്.

സുരക്ഷിതമായ ലൈംഗിക ബന്ധം എന്ന ലക്ഷ്യം മുൻ നിർത്തി നിരവധി ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും, അപ്പോഴൊന്നുമില്ലാത്ത സ്വീകാര്യതയാണ് ഗര്‍ഭനിരോധന ഉറകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ലൈംഗിക കാര്യങ്ങളില്‍ ഏറെ ഒളിവുകള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ സ്വയം വെളിപ്പെടുത്താതെ ഇവ വാങ്ങാം എന്നതാണ് ഇതിനു കാരണമെന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍നിന്നുള്ള കണക്കുകള്‍ നല്‍കുന്ന സൂചന.

രണ്ടു മാസത്തോളം സമയംകൊണ്ട് 9.56 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യപ്പെട്ടതില്‍ 5.14 ലക്ഷം വിവിധ സന്നദ്ധ സംഘടകളാണ് വാങ്ങിയത്.

4.41 ലക്ഷമാകട്ടെ വ്യക്തികള്‍ നേരിട്ടാണ് വാങ്ങിയത്. ഡല്‍ഹി, കര്‍ണാടക എന്നിവയാണ് ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ഗര്‍ഭനിരോധന ഉറകള്‍ വാങ്ങിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡുമായി ചേര്‍ന്നാണ് എയ്ഡ്‌സ് ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്‍ സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്.

പ്രത്യേക ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങളാണ് എച്ചഎല്‍എല്‍ നിര്‍മിക്കുന്നത്.

ഡിസംബര്‍ വരെയുള്ള വിതരണത്തിന് 10 ലക്ഷം ഉറകളാണ് വിതരണത്തിനായി തയ്യാറാക്കിയിരുന്നത്. ജൂണ്‍ മാസത്തില്‍ത്തന്നെ ഇവ തീര്‍ന്നതായി ഫൗണ്ടേഷന്‍ മേധാവി ഡോ. വി സാം പ്രസാദ് പറഞ്ഞു.

തുടര്‍ന്ന് 20 ലക്ഷം ഉറകൾക്ക് കൂടി ഓര്‍ഡര്‍ കൊടുത്തു. ജനുവരിയില്‍ 50 ലക്ഷം കൂടി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടണ്‍ പോലുള്ള രാജ്യങ്ങളില്‍ 30 ശതമാനമാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗമെങ്കില്‍, ഇന്ത്യയില്‍ അത് അഞ്ചു ശതമാനം മാത്രമാണ്.

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാനുള്ള ഇന്ത്യക്കാരുടെ പ്രവണതയാണ് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തില്‍നിന്ന് പിന്നോട്ടുവലിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പരസ്യമായി കടകളില്‍ പോയി ഉറകൾ വാങ്ങുന്നതിന് ആളുകൾക്ക് ലജ്ജയോ മടിയോ ആണ്.

അതിനാൽ ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയില്‍ ഇത്തരം പ്രശ്‌നങ്ങളില്ല എന്നതാണ് വ്യാപകമായ ആവശ്യക്കാരുണ്ടാകാന്‍ കാരണമെന്നും ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.

Top