യദുലാലിന്റെ മരണം, വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കും; അഡ്വക്കേറ്റ് ജനറല്‍

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഈ അപകടത്തിന് പിന്നിലെ സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് ധനസഹായം നല്‍കുന്ന കാര്യം എജി വ്യക്തമാക്കിയത്.

പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം കുഴിയില്‍ വീണ യുവാവ് പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് പണം ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥര്‍ കൃത്യമായി ശമ്പളം മേടിക്കുകയും വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ കൈപറ്റുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാട്ടുകാരുടെ കാര്യത്തില്‍ മാത്രം ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തമില്ല. വഴി വിളക്കുകള്‍ പോലും തെളിയാത്ത അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.

അതേസമയം ശക്തമായ ഭാഷയിലാണ് കോടതി സര്‍ക്കാരിനെതിരെ വിമര്‍ശിച്ചിരിക്കുന്നത്. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് റോഡിലെ കുണ്ടും കുഴിയും കണ്ണില്‍ പെടില്ല. ഇനിയും എത്ര ജീവന്‍ ബലി കൊടുത്താലാണ് ഈ നാട് നന്നാക്കുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്റെ കുടുംബത്തിന്റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു.

അറ്റകുറ്റപണികള്‍ക്ക് വേണ്ടി ജല അതോറിറ്റിയാണ് കുഴിയെടുത്തത്. കുഴി അടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നു.

Top