കൊച്ചി: ഇ-മൊബിലിറ്റി കോണ്‍ഫറന്‍സ് ആന്‍ഡ് എക്‌സ്‌പോ 2019 (ഇവോള്‍വ്) കൊച്ചിയില്‍ തുടങ്ങി. വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുക എന്നതാണ് എക്‌സ്‌പോയുടെ ലക്ഷ്യം. 2022-ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആദ്യം രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1,000 ചരക്ക് വാഹനങ്ങള്‍, 3,000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.ഐ.ഐ.ടി. മദ്രാസിലെ പ്രൊഫ. അശോക് ജുന്‍ജുന്‍വാലയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതിയാണ് വൈദ്യുത വാഹന നയത്തിന്റെ കരട് തയ്യാറാക്കിയത്.
വൈദ്യുത വാഹന രംഗത്ത് നിക്ഷേപകര്‍ക്ക് വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുത വാഹന നിര്‍മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് 8,000 വൈദ്യുത ഓട്ടോറിക്ഷകള്‍ ഓരോ വര്‍ഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിര്‍മിക്കുന്ന ഇന്ത്യയിലെ ആദ്യ പി.എസ്.യു. ആണ് കെ.എ.എല്‍. കെ.എസ്.ആര്‍.ടി.സി.ക്കു വേണ്ടി 3000 ഇ-ബസുകളും നിര്‍മിക്കും. ഇ-ബസ് നിര്‍മാണത്തിന് യൂറോപ്യന്‍ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ആറു നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ പുനരുപയോഗം സാധ്യമായ ബദല്‍ ഊര്‍ജ സ്രോതസ്സുകളെക്കുറിച്ച് കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്ക് പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയില്‍ കേരളം ഉറച്ചുനിന്നു. ഇതിന്റെ ഭാഗമായാണ് സി.എന്‍.ജി., എല്‍.എന്‍.ജി. ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടത്.
കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എം.പി. അധ്യക്ഷത വഹിച്ചു. നീതി ആയോഗ് സി.ഇ.ഒ. അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.