ന്യൂഡല്‍ഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കും. ഇതില്‍ കര്‍ണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നു തിരഞ്ഞെടുപ്പു നടക്കുന്ന സീറ്റുകളില്‍ പകുതിയോളം എന്‍ഡിഎ നേടുമെന്നുറപ്പാണ്. ഗുജറാത്ത് (4), രാജസ്ഥാന്‍ (3), മധ്യപ്രദേശ് (3), ജാര്‍ഖണ്ഡ് (2) എന്നിവിടങ്ങളിലാണ് ബിജെപി-കോണ്‍ഗ്രസ് പോരാട്ടം.
ഗുജറാത്തില്‍ ബിജെപിയുടെ അഭയ് ഭരദ്വാജ്, റാമില ബാര, കോണ്‍ഗ്രസിന്റെ ശക്തിസിങ് ഗോഹില്‍ എന്നിവര്‍ വിജയം ഉറപ്പാക്കി. രണ്ടാമത്തെ സ്ഥാനാര്‍ഥി ഭരത് സിങ് സോളങ്കിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് 4 വോട്ട് കൂടി വേണമെന്നിരിക്കെ, തങ്ങളുടെ മൂന്നാം സ്ഥാനാര്‍ഥി നര്‍ഹരി അമീന്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണു ബിജെപി.
രാജസ്ഥാനില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയും മത്സരിക്കുമ്പോള്‍ ബിജെപി നിര്‍ത്തിയിരിക്കുന്നത് രാജേന്ദ്ര ഗെലോട്ടിനെയും ഓംകാര്‍ സിങ് ലെഖാവത്തിനെയുമാണ്.
മുന്‍പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ കര്‍ണാടകയില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്), കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് (മധ്യപ്രദേശ്), ജെഎംഎം നേതാവ് ഷിബു സോറന്‍ (ജാര്‍ഖണ്ഡ്) എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു പ്രമുഖര്‍. രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്.
രാജ്യസഭയില്‍ നിലവില്‍ എന്‍ഡിഎയ്ക്ക് 90 അംഗങ്ങളുണ്ട്. കര്‍ണാടകയില്‍ നിന്ന് 2 പേരെ എതിരില്ലാതെ തിരഞ്ഞെടുത്തു കഴിഞ്ഞു. എന്‍ഡിഎ ഘടകകക്ഷികളും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന കക്ഷികളും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെത്തും.
രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് നേരിയ തോതിലെങ്കിലും കോണ്‍ഗ്രസിനു സാധ്യതയുള്ളത്. 18 സീറ്റുകളിലേക്ക് മാര്‍ച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.