അഹമ്മദാബാദ്: ഭീകരാക്രമണം നടത്തുന്നതിനുവേണ്ടി പത്ത് ഭീകരര്‍ ഗുജറാത്തില്‍ എത്തിയതായി രഹസ്യ വിവരം. ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നഗരങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.
ഗുജറാത്ത് ഡി.ജി.പി പി.സി ഠാക്കൂര്‍ ശനിയാഴ്ച രാത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിനിടെ, പത്ത് ഭീകരര്‍ ഗുജറാത്തില്‍ എത്തിയതായി പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവയാണ് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ രഹസ്യ വിവരം പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് ആദ്യമായാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയിലെ അംഗങ്ങളാണ് ഗുജറാത്തില്‍ എത്തിയതെന്നാണ് രഹസ്യ വിവരം. ഗുജറാത്തിലെ കച്ച് തീരത്ത് മൂന്ന് പാക് മത്സ്യബന്ധന ബോട്ടുകള്‍ അടുത്തിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മൂന്നാമത്തെ ബോട്ട് കണ്ടെത്തിയത്