കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്; മുന്‍ ജീവനക്കാർക്കെതിരെ കേസ്

തൃശൂർ: തൃശൂരിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ്. 100 കോടിയുടെ വായ്പ തട്ടിപ്പില്‍ മുന്‍ സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് എതിരെ കേസ് എടുത്തു. 2014- 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആറ് മുന്‍ ജീവനക്കാര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നും ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. രണ്ട് ഭരണ സമിതികളും സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ളതാണെന്നും വിവരം. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നും ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നും വിവരം.

ബാങ്കിന്റെ സെക്രട്ടറി അടക്കമുള്ള ആളുകള്‍ക്ക് എതിരെ കേസെടുത്തിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. ഭരണസമിതിയാണ് കുറ്റക്കാരെന്നും ഇവര്‍ അറിഞ്ഞാണ് ധൂര്‍ത്ത് നടന്നതെന്നും പരാതിക്കാരില്‍ ഒരാളായ സുരേഷ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

 

Top