ബെംഗളുരു: കര്‍ണാടകയില്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് വിവാദത്തില്‍. കുമാര കൃപ അതിഥിമന്ദിരത്തിലെ നൂറുമുറികള്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കായിമാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
അതിഥിമന്ദിരത്തിലെ ആളുകളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഗസ്റ്റ് ഹൗസിലെ ബുക്കിങ്ങുകള്‍ 33 ശതമാനമാക്കി കുറയ്ക്കണമെന്നും അനാവശ്യ സന്ദര്‍ശകരെ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ തികയാത്ത സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വി ഐ പികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആഢംബര കോവിഡ് കെയര്‍ കേന്ദ്രം തയ്യാറാക്കുന്നതെന്നാണ് വിമര്‍ശനം.
ഭരണഘടനാ പദവികള്‍ വഹിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്ന സമയത്ത് രോഗബാധിതരാകുന്നുണ്ടെന്നും അതിനാല്‍ അവര്‍ക്ക് വേണ്ടി ഒരു പ്രത്യേക കോവിഡ് കെയര്‍ സെന്റര്‍ തയ്യാറാക്കേണ്ടതുണ്ടെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
നേരത്തേ കോവിഡ് 19 സ്ഥിരീകരിച്ച രൂക്ഷമായ രോഗബാധയില്ലാത്ത പോലീസുകാര്‍ക്കായി ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിലെ ഒരു നില മാറ്റിവെച്ചിരുന്നു.
പതിനായിരത്തിലധികം കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 164 പേര്‍ മരിച്ചു. അടുത്തകാലത്താണ് ഏഴുനിലകളുള്ള അതിഥി മന്ദിരം നവീകരിച്ചത്.