ലോകത്തിലെ തന്നെ ഏണ്ണംപറഞ്ഞ സൂപ്പര്‍കാറുകള്‍ ഉള്‍പ്പെടുന്ന വാഹനവ്യൂഹമാണ് ദുബായ് പോലിസിനുള്ളത്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്ലാരന്‍ എം.പി.4-12സി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍77, ഫെരാരി എഫ്.എഫ്, ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി നിരത്തുകളില്‍ കൊടുങ്കാറ്റാകുന്ന വാഹനങ്ങളുടെ നിരയിലേക്ക് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ 100 കാറുകള്‍ കൂടി എത്തിച്ചിരിക്കുകയാണ് ദുബായ് പോലീസ്.
എമിറേറ്റിന്റെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍-സ്വകാര്യ മേഖലകളുടെ പങ്ക് നിര്‍ണായകമാണ്.ഗതാഗതസുരക്ഷാ ഉറപ്പാക്കുന്നതില്‍ പോലീസിന്റെ പട്രോളിങ് കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പുതിയ വാഹനങ്ങള്‍ മികച്ച സംഭാവനകള്‍ നല്‍കുമെന്നും അല്‍ ഗൈത്തി പറഞ്ഞു.സര്‍ക്കാര്‍- സ്വകാര്യസ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ പങ്കാളിത്തമെന്ന് പോലീസിലെ ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുള്ള അലി അല്‍ ഗൈത്തി അഭിപ്രായപ്പെട്ടു.
ഔഡി വാഹനനിരയിലെ ഇലക്ട്രിക് മോഡലുകളും ഔഡി പുറത്തിറക്കിയിട്ടുള്ള പുതിയ മോഡലുകളും ഉള്‍പ്പെടെയാണ് 100 വാഹനങ്ങള്‍ പോലീസിന് നല്‍കിയിട്ടുള്ളതെന്ന് അല്‍ നബൂദ ഓട്ടോമൊബൈല്‍സ് മേധാവി അറിയിച്ചു. ദുബായ് പോലീസിന്റെ സേവനങ്ങളുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും, പോലീസ് സേനയുമായുള്ള സഹകരണത്തിലൂടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.