കുട്ടിക്കടത്തില്‍ പാരീസിലേക്ക് കടത്തിയത് നൂറോളം പേരെ; ബോളിവുഡ് ക്യാമറാന്‍ അറസ്റ്റില്‍

arrest

മുംബൈ: ഇന്ത്യയില്‍ നിന്ന് കുട്ടികളെ വിദേശത്തേക്ക് കടത്തുന്ന സംഘം അറസ്റ്റിലായി.

ബോളിവുഡ് ക്യാമറാന്‍ അടക്കമുള്ളവരാണ് മുംബൈയില്‍ പിടിയിലായത്. മുംബൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്.

കൗമാരക്കാരായ കുട്ടികളെ പാരീസിലേക്ക് അനധികൃതമായി കടത്തുന്നവരാണ് പിടിയിലായത്. കഴിഞ്ഞ മൂന്ന വര്‍ഷം കൊണ്ട് 100 ലേറെ കൗമാരക്കാരെയാണ് ഇവര്‍ പാരീസിലേക്ക് കടത്തിയത്. കുട്ടികളുടെ മാതാപിതാക്കളുടെ അറിവോടെയാണ് അനധികൃത യാത്ര. മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും വാഗ്ദാനം ചെയ്താണ് സംഘം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയിരുന്നത്.

ബോളിവുഡ് ക്യാമറാമാനായ ആരിഫ് ഫാറുഖി, അസിസ്റ്റന്റ് ക്യാമറാമാന്‍ രാജേഷ് പവാര്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഫാത്തിമ ഫരീദ് കുട്ടികളെ കടത്താന്‍ സഹായിക്കുന്ന സുനില്‍ നന്ദ്വാനി, നര്‍സെയ്യ മുഞ്ചാലി തുടങ്ങിയവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വ്യാജ തിരച്ചറിയല്‍ രേഖകളുമായി പാരീസിലേക്ക് പോകാന്‍ തുടങ്ങിയ നാല് കുട്ടികളെ പിടികൂടിയപ്പോഴാണ് കുട്ടിക്കടത്ത് സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതില്‍ സുനില്‍ നന്ദ്വാനി അടുത്തിടെ ആറുകുട്ടികളെ പാരീസിലേക്ക് കടത്തിയതായും തെളിഞ്ഞിട്ടുണ്ട്.

പഞ്ചാബില്‍ നിന്നുള്ള കുട്ടികളെയാണ് ഇവര്‍ ഏപ്രില്‍20 ന് കടത്താന്‍ ശ്രമിച്ചത്. അവിടെയുള്ള ഏജന്റു മുഖേനയാണ് കുട്ടികള്‍ സംഘങ്ങളുടെ പക്കല്‍ എത്തിയത്. ഇയാള്‍ കുട്ടികള്‍ക്ക് മികച്ച ജോലിയും പഠനവും വാഗ്ദാനം ചെയ്താണ് കുട്ടികളെ കടത്താന്‍ കൂട്ടുനിന്നതെന്ന് തെളിഞ്ഞിട്ടുമുണ്ട്.

പാരീസിലേക്കയയ്ക്കാന്‍ ഇയാള്‍ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് വന്‍തുക കൈപ്പറ്റിയിട്ടുമുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച രേഖകള്‍ പരിശോധിച്ചാണ് 100ലേറെ കുട്ടികളെ ഇവര്‍ കടത്തിയതായി കണ്ടെത്തിയത്.

ഇവര്‍ക്ക് പാരീസിലും ഏജന്റുമാര്‍ ഉണ്ടായേക്കാമെന്നു പൊലീസ് കരുതുന്നു

Top