നൂറ് വര്‍ഷം പഴക്കമുള്ള പള്ളി സ്വന്തമാക്കി നടി ബിയോണ്‍സ്

സിനിമ ഇന്‍ഡസ്ട്രീയുള്ളവര്‍ കാറും ആഡംബര കെട്ടിടങ്ങളും വില്ലയും
പുരാതന വസ്തുക്കളും സ്വന്തമാക്കാറുണ്ട്. പക്ഷേ ഗായികയും നടിയുമായ ബിയോണ്‍സ് വാങ്ങിയത് കോടികള്‍ വിലയുള്ള ആഡംബര കെട്ടിടങ്ങളൊന്നുമല്ല. ഒരു പള്ളിയാണ് സ്വന്തമാക്കിയത്.

നൂറ് വര്‍ഷം പഴക്കമുള്ള ഒരു പള്ളിയാണ് ബിയോണ്‍സ് വാങ്ങിയിരിക്കുന്നത്. സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റായ ടി.എം.എസ് ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ന്യൂ ഓര്‍ലീന്‍സില്‍ സ്ഥിതി ചെയ്യുന്ന 7500 ചതുരശ്ര അടിയുള്ള കാംപ് സ്ട്രീറ്റ് പള്ളിയാണ് താരം വാങ്ങിയത്. 85,00,00 യു.എസ് ഡോളറാണ് (ഏകദേശം അമ്പത്തിയേഴ് കോടി രൂപ) ബിയോണ്‍സ് പള്ളിക്കായി ചെലവിട്ടത്. 1900 കളിലാണ് പള്ളി പണി കഴിപ്പിച്ചതെന്നാണ് പുരാ വ്‌സ്തു ഗവേഷകര്‍ പറയുന്നത്.

പള്ളിയിലെ അംഗങ്ങള്‍ മരണപ്പെട്ടതോടെ ഇവിടെ ആരാധന ഇല്ലാതായി. കുറേക്കാലങ്ങളായി പള്ളി പൂട്ടിക്കിടപ്പായിരുന്നു.പള്ളി നവീകരിച്ച് അവിടം ആരാധനയ്ക്ക് അനുയോജ്യമാക്കി മാറ്റുകയാണ് ബിയോണ്‍സിന്റെ ഉദ്യേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങള്‍ക്ക് മുമ്പ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പള്ളിയില്‍ ആദ്യമായി ‘ബിയോണ്‍സ് കുര്‍ബാന’ സംഘടിപ്പിച്ചിരുന്നു. ഈ കുര്‍ബാനയില്‍ ആയിരകണക്കിന് ആളുകളാണ് പങ്കെടുത്തത്. ബിയോണ്‍സ് പുതിയൊരു സഭ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ കുര്‍ബാന സംഘടിപ്പിച്ചതെന്ന് അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരു പള്ളി കൂടി സ്വന്തമാക്കിയതോടെ ഈ സംശയം ബലപ്പെട്ടു. എന്നാല്‍, പള്ളി വാങ്ങിയത് സംബന്ധിച്ച് ബിയോണ്‍സ് ഇതുവരെ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.

Top